വയനാട് സി.പി.എമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് പാർട്ടി വിട്ടു, നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം

കൽപറ്റ: വയനാട്ടിൽ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന അംഗം പാർട്ടി വിട്ടു. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും കർഷക സംഘം മുൻ ജില്ല പ്രസിഡന്‍റുമായ എ.വി. ജയനാണ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

ജില്ല സമ്മേളനം മുതൽ തന്നെ ഒരു വിഭാഗം വേട്ടയാടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ല സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരെ താൻ ഉന്നയിച്ച വിമർശനമാണ് വേട്ടയാടലിന് കാരണം. 35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതെന്നും ജയൻ ആരോപിച്ചു. പൂതാടിയിലെ സി.പി.എമ്മിന്‍റെ പ്രധാന മുഖമാണ് ജയൻ.

‘പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽനിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സി.പി.എം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്. വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ല’ -ജയൻ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. സംഘടനാ പ്രശ്നങ്ങൾക്കിടയിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയന്‍റെ നേതൃത്വത്തിലാണ് പൂതാടിയിൽ പാർട്ടി മത്സരിച്ചത്. പഞ്ചായത്തിൽ പാർട്ടി ഭരണം പിടിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്കാണ് നൽകിയത്. പിന്നാലെയാണ് ജയന്‍റെ രാജി.

Tags:    
News Summary - Senior leader leaves from Wayanad CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.