തൃശൂർ: ‘ഞാൻ മാത്രം കളിച്ചാതിരുന്നാൽ മറ്റുള്ളവർക്കും പോകില്ലേ. കൂടെ കളിക്കുന്നവരിൽ ഞാനടക്കം മൂന്ന് പേർ ഒഴികെ പത്താം ക്ലാസുകാരാണ്. അവരുടെ േഗ്രസ് മാർക്കും പോകും. ഇതെല്ലാം ആലോചിച്ചപ്പോൾ വേദന കടിച്ചമർത്തി കളിക്കുകയായിരുന്നു’ പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ്.എച്ച്.എസ്.എസിലെ അജ്മലിന്റെ വാക്കുകളാണിത്.
വേദിയിൽ ചുവട് വെക്കുമ്പോഴും ദഫ് മുട്ടുമ്പോഴുമെല്ലാം വേദന കടിച്ചമർത്തിയാണ് അജ്മൽ വേദിയിൽ കളിച്ചത്. പുഞ്ചിരിയിൽ വേദന ഒളിപ്പിച്ച് കളിച്ചതിനാൽ കൈയടിച്ചവർക്കൊന്നും ഇതൊന്നും മനസ്സിലായില്ല. എന്നാൽ, ദഫ്മുട്ട് മത്സരം കഴിഞ്ഞ് പുറത്തിറങ്ങി ചോരയൊലിക്കുന്ന ഇടതുകൈയിൽ നിന്ന് ദഫ് താഴെവെച്ച് ബാൻഡേജ് അഴിക്കുമ്പോൾ അജ്മൽ ഒന്ന് പുളഞ്ഞു. മുണ്ടിലും ഷർട്ടിലും ചോര പറ്റിയിരിക്കുന്നു. ചുവന്ന് തുടുത്ത മാംസത്തിൽ പറ്റിനിന്ന തുണി മാറ്റുമ്പോൾ മുഖം വലിഞ്ഞു മുറുകി. ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിയും വന്നു. എന്നാലും എ ഗ്രേഡ് അജ്മലും കൂട്ടരും കൈവിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ബൈക്ക് അപകടത്തെ തുടർന്ന് അജ്മലിന് ഇടതു കൈക്കും കാലിനും പരിക്കേറ്റിരുന്നു. 10 വർഷമായി ജില്ലയിൽ ഒന്നാമതായ ദഫ് ടീം ആകെ പ്രതിസന്ധിയിലായി. ഉപജില്ല കലോത്സവം മുതൽ തുടങ്ങിയ പരിശീലത്തിന്റെയും കൂട്ടുകാരുടെയും ധൈര്യത്തിൽ അജ്മലും മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊട്ടിക്കസറി ഫലം വന്നപ്പോൾ വേദനയിലും എ പ്ലസ് പുഞ്ചിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.