തൃശൂർ: ‘‘അമ്മയും അച്ഛനും ചേച്ചിയുംകൂടി നാടകം കാണാൻ വന്നിരുന്നെങ്കിൽ ഒരുപാട് സന്തോഷമായേനേ. ഞങ്ങൾ എല്ലാവരുംകൂടി ഇനി ഒരുമിച്ചുകൂടുന്നത് എന്നാണെന്നുതന്നെ ആർക്കും അറിയില്ല. ആരെങ്കിലും നാടകത്തിന്റെ വിഡിയോ എടുക്കുമെങ്കിൽ അമ്മക്ക് അയച്ചുകൊടുക്കണമെന്നുണ്ട്’’ -നാടകത്തിന് തട്ടിൽ കയറുംമുമ്പ് ഇത്രയും പറഞ്ഞപ്പോൾതന്നെ അതുലിന്റെ കണ്ണ് നിറഞ്ഞു.
എങ്കിലും അവനും കൂട്ടുകാരും സന്തോഷത്തിലാണ്. പ്രതിസന്ധികളെയും വിഷമതകളെയും അതിജീവിച്ചാണ് അതുലും കൂട്ടുകാരും സംസ്ഥാന സ്കൂൾ കലോത്സവ നാടക മത്സരവേദിയിലെത്തിയത്. പത്തനംതിട്ട വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ ഹൈസ്കൂളിൽനിന്നാണ് ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികളുടെ സംഘം എത്തിയത്. കല്ലാർ, മൊട്ടമ്മൂട് സുരേഷിന്റെയും രാജലക്ഷ്മിയുടെയും മകനാണ് അതുൽ. ആദിവാസികളിലെ കാണി വിഭാഗത്തിൽപെട്ടവരാണ് ഇവർ. സുരേഷ് കൂലിത്തൊഴിലാളിയാണ്.
കോവിഡ് കാലത്ത് ജീവിതപ്രാരാബ്ധം വർധിച്ചതിനെ തുടർന്നാണ് രാജലക്ഷ്മി കുവൈത്തിലേക്ക് വീട്ടുജോലിക്കായി പോയത്. തുടർന്നാണ് അതുലും ചേച്ചി ആരതിയും സർക്കാർ ഹോസ്റ്റലുകളിലേക്ക് മാറുന്നത്. വല്ലപ്പോഴും അവധിക്ക് നാട്ടിൽ പോകും. സുരേഷ് ഇടക്കുവന്ന് മക്കളെ കാണും.
മൂന്നുവർഷം മുമ്പാണ് രാജലക്ഷ്മി നാട്ടിൽ വന്നത്. നാടകത്തിലെ പ്രധാന കഥാപാത്രമായ ചന്തുവിനെയാണ് അതുൽ അവതരിപ്പിക്കുന്നത്. അണിയാൻ ഒരു കുപ്പായം സ്വന്തമാക്കാൻ ആദിവാസി വിഭാഗത്തിൽപെട്ടവർ നടത്തുന്ന പോരാട്ടമാണ് നാടകത്തിന്റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.