‘16 വയസ്സിൽ താഴെയുള്ള ഹരജിക്കാരുടെ പുനരധിവാസം പ്രധാനം, ഊമക്കത്തിന്റെ പേരിൽ ഇനിയും നിരീക്ഷണത്തിൽ വെക്കേണ്ട അസാധാരണ സാഹചര്യമില്ല’; ഷഹബാസ് വധക്കേസിൽ ഹൈകോടതി

കൊച്ചി: 16 വയസ്സിൽ താഴെയുള്ള ഹരജിക്കാരുടെ പുനരധിവാസമാണ് പ്രധാനമെന്ന് വ്യക്തമാക്കി കോഴിക്കോട് ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതർ 100 ദിവസത്തോളമായി ഒബ്സർവേഷൻ ഹോമിൽ കഴിയുകയാണെന്നതും കുട്ടികളെന്ന നിലയിലുള്ള ഇവരുടെ താൽപര്യം സംരക്ഷിക്കാൻ കുടുംബവുമായുള്ള പുനഃസമാഗമം ആവശ്യമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ ദീർഘകാലം ഒബ്സർവേഷൻ ഹോമിൽ തടവിൽ പാർപ്പിക്കുന്നത് ബാലനീതി നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡും ഹൈകോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഇവർക്കെതിരായ ആരോപണത്തിന്‍റെ ഗൗരവവും പുറത്തിറങ്ങിയാൽ ഇവർക്കു നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന സർക്കാറിന്‍റെ വിശദീകരണവും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. പരീക്ഷയെഴുതാൻ അനുവദിച്ചാൽ ഹരജിക്കാരെ വധിക്കുമെന്ന ഭീഷണിയുമായി ഊമക്കത്ത് സ്കൂളിൽ ലഭിച്ചതും കോടതി കണക്കിലെടുത്തിരുന്നു.

എന്നാൽ, സാഹചര്യം മാറിയതടക്കം ചൂണ്ടിക്കാട്ടി വീണ്ടും നൽകിയ ജാമ്യ ഹരജിയാണ് ഇപ്പോൾ പരിഗണിച്ചത്. ഊമക്കത്തിന്റെ പേരിൽ ഇനിയും നിരീക്ഷണത്തിൽ വെക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതി, കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

മക്കൾ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റായ കൂട്ടുകെട്ടുകളിൽ ഉൾപ്പെടില്ലെന്നും രക്ഷിതാക്കൾ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. ആറു പേരുടെയും രക്ഷിതാക്കൾ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടു പേരുടെയും ജാമ്യ ബോണ്ട് കെട്ടിവെക്കണം. ജാമ്യാപേക്ഷയെ എതിർത്ത് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാലും കക്ഷിചേർന്നിരുന്നു.

ഫെബ്രുവരി 27ന് ട്യൂഷൻ സെന്ററിന് സമീപം വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഷഹബാസിന് മർദനമേൽക്കുകയായിരുന്നു. പിറ്റേ ദിവസം ആശുപത്രിയിൽ മരിച്ചു.

ജാമ്യം വേദനാജനകം –ഷഹബാസിന്റെ പിതാവ്

‘‘കുറ്റാരോപിതർ ജാമ്യം അനുവദിച്ചത് വേദനാജനകമാണ്. മകനെ കൊന്നവരെ ജാമ്യത്തിൽവിട്ടത് അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. പരീക്ഷക്ക് കോപ്പിയടിച്ചാല്‍ മൂന്നുവർഷം നിരോധനവും പരീക്ഷ എഴുതാനും പറ്റാത്തിടത്താണ് കൊലപാതക കേസില്‍ പ്രതിചേർക്കപ്പെട്ടവർക്ക് തുടർപഠനത്തിന് എളുപ്പത്തിൽ അവസരം നല്‍കിയത്.

പ്രതികൾ പ്രവേശനം നേടുന്ന വിദ്യാലയത്തിലെ രക്ഷിതാക്കള്‍ പ്രതികരിക്കണം. സർക്കാറിൽനിന്ന് പ്രതികൾക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ വേദന മുഴുവൻ ജനങ്ങളും അറിയണം. കാമ്പസുകളിലെ ക്രൂരമനസ്സുള്ളവർക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കണം. കുട്ടികളുടെ പഠനമാണ് കോടതി ഉദ്ദേശിക്കുന്നതെങ്കിൽ അവരെ ജുവനൈൽ ഹോമിൽ താമസിപ്പിച്ചു സൗകര്യം ഒരുക്കാമായിരുന്നു’’

Tags:    
News Summary - Shahbaz murder case Kerala High Court grants bail to 6 accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.