സുൽത്താൻ ബത്തേരി: ഗവ. സർവജന സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹലക്ക് പാമ്പുകടിയേറ്റ സ്‌കൂൾ കെട്ടിടത്തിന് 30 വർഷത്തിലേറെ പഴക്കം. കെട്ടിടത്തിെൻറ അടിത്തറ നിറയെ മാളങ്ങളാണ്. കെട്ടിടത്തിന് സമീപത്തും വലിയ മാളങ്ങൾ ഉണ്ട്. മാ ളങ്ങൾ ക്ലാസ് മുറികളിലേക്കാണ് നീളുന്നത്. ഇത്തരത്തിൽ അടിത്തറ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനാണ് അധികൃതർ ഫിറ്റ് നസ് നൽകിയത്. ഇതിനെതിരെയാണ് ഇപ്പോൾ വ്യാപക പ്രതിഷേധം. നേരത്തെ പൊളിച്ചുനീക്കാൻ റിപ്പോർട്ട് നൽകിയ കെട്ടിടമാണിത് . എന്നാൽ, ഈ വർഷവും ഇതിൽ ക്ലാസ് മുറികൾ ക്രമീകരിച്ചത് വലിയ കൃത്യവിലോപമായി. നഗരസഭയുടെ കീഴിലുള്ള സ്‌കൂളിന് ഫിറ്റ്‌നസ് നൽകിയതും നഗരസഭ അധികൃതർ തന്നെ.
ഇതുകൂടാതെ സ്‌കൂളിലെ ശുചിമുറികളും വാഷ്‌ബേസിനുകളുടമക്കം ശോച്യാവസ്ഥയിലാണ്. സ്‌കൂളിനോട് ചേർന്ന് കുറ്റിക്കാടുകൾ കാണാം. സ്‌കൂൾ കെട്ടിടം പൊളിച്ചുപണിയുന്നതിനായി സർക്കാർ ഒരു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നതായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിൽ അടുത്തകാലത്തൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല . ലക്ഷങ്ങൾ ചെലവിട്ട് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് പുറംമോടി വരുത്തിയ വിദ്യാലയത്തിെൻറ ഭൗതിക സാഹചര്യം തീർത്തും ശോചനീയമാണെന്ന് വെള്ളിയാഴ്ച വിദ്യാലയം സന്ദർശിച്ച ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മരണവീട് പോലെ വിദ്യാലയം
കൽപറ്റ: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂൾ ഇപ്പോൾ ഒരു മരണ വീടു പോലെ. അഞ്ചാം തരം എയിലെ വിദ്യാർഥി ഷഹല ഷെറിൻ ബുധനാഴ്ച പാമ്പു കടിയേറ്റ് മരിച്ച സംഭവം വിദ്യാർഥികളെയും നാട്ടുകാരെയും മാത്രമല്ല അധ്യാപകരെയും ജീവനക്കാെരയും ദുഃഖത്തിലാഴ്ത്തി. ചളിപുരണ്ട ക്ലാസ് മുറികൾ, പാമ്പുകൾക്ക് പാർക്കാൻ പറ്റുന്ന മാളങ്ങൾ. വിശാലമായ സ്‌കൂൾ അങ്കണം മോടിപിടിപ്പിക്കാനും കെട്ടിടങ്ങൾ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ധാരാളം പണം ചെലവഴിച്ചതായി കണക്കുകൾ ഉണ്ടെന്ന് നാട്ടുകാരും വിദ്യാർഥികളും പറയുന്നു.
എന്നാൽ, പരാധീനതകൾ ഏറെയാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ മറവിൽ നടന്ന ഫണ്ട് വിനിയോഗങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്. രണ്ടോ മൂന്നോ അധ്യാപകരും ഏതാനും വിദ്യാർഥികളുമാണ് വെള്ളിയാഴ്ച സ്കൂളിലെത്തിയത്. പുറത്ത് സ്‌കൂൾ കവാടത്തിൽ ഒരുകൂട്ടം വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധം തുടർന്നു. ഇവർക്ക് ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനകൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.