ഖത്തറിലെ പ്രവാസി മലയാളി വ്യവസായിയും കലാ കായിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ വേർപാടിൽ കുറിപ്പു പങ്കുവെച്ച് ഷാഫി പറമ്പിൽ എം.പി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനൊപ്പം പങ്കുവെച്ച നിമിഷങ്ങളെ കുറിച്ചാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഈസക്കാ...എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. മികച്ച കായിക പ്രേമിയും കലാകാരനും പൊതുപ്രവർത്തകനും വ്യവസായിയുമായ ഈസയുടെ നിര്യാണത്തോടെ ഇല്ലാതായത് ജാതിയും മതവും നോക്കാതെ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായിരുന്ന ഒരു നല്ല മനുഷ്യനെയാണ് നഷ്ടമായതെന്നും ഷാഫി പറമ്പിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഈസക്കാ.. നമ്മൾ തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എത്ര തവണ നിങ്ങളെന്നോട് ആരോഗ്യം നോക്കാൻ പറഞ്ഞു. നിങ്ങൾ സ്റ്റേജുകളിൽ പാടിയ പാട്ടുകൾ Youtube ൽ നമ്മൾ കേട്ടത്, ഫുട്ബോൾ ചർച്ച ചെയ്തത്, എല്ലാത്തിലുമപരി നിങ്ങൾക്ക് ജീവ വായു ആയിരുന്ന കാരുണ്യ പ്രവർത്തനങ്ങൾ, ഞാൻ കരുതിയിരുന്നത് ഇനിയും എത്രയോ യാത്രകളുണ്ടാകുമെന്നായിരുന്നു. അനിവാര്യമായ യാത്രയുമായി നിങ്ങൾ വിട പറയുമ്പോൾ ആർക്കാണ് യാത്രാമൊഴി നൽകേണ്ടത് ? ഒരു പ്രവാസിക്കോ, വ്യവസായിക്കോ, സംരംഭകനോ, തൊഴിൽ ദാതാവിനോ, നല്ലൊരു കുടുംബനാഥനോ, മികച്ചൊരു പൊതു പ്രവർത്തകനോ, പാട്ടുകളെയും കലയെയും പ്രണയിച്ചിരുന്നൊരു ഗായകനോ, ഫുട്ബോളിന് നിറഞ്ഞ പ്രോത്സാഹനം നൽകിയ കായിക പ്രേമിക്കോ, എണ്ണം പറഞ്ഞൊരു സംഘാടകനോ... ഞങ്ങളുടെയൊക്കെ ഒരു രക്ഷാധികാരിക്കോ.. ഈസക്കാ നിങ്ങളിതെല്ലാമായിരുന്നെങ്കിലും വിട പറയുന്നത് ജാതിയും മതവും നോക്കാതെ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായിരുന്ന ഒരു നല്ല മനുഷ്യനാണ്. നാടിന് തീരാ നഷ്ടവും ദുഃഖവുമാണ്. പ്രാർത്ഥനകളോടെ വിട..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.