ഇങ്ങനെ ഷോ കാണിച്ചാൽ പാലക്കാട് കിട്ടിയത് പോലെ നിലമ്പൂരും കിട്ടും, പരിശോധിച്ചതിൽ പരാതിയില്ല, ഉദ്ദേശ്യമാണ് സംശയം; പ്രതികരിച്ച് ഷാഫിയും രാഹുലും

നിലമ്പൂർ: പാതിരാത്രിയിൽ വാഹനം തടഞ്ഞു നിർത്തിയുള്ള പെട്ടി പരിശോധനയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും. അപമാനിക്കപ്പെട്ടപ്പോൾ ചോദ്യം ചെയ്തതാണെന്നും പരാതിയില്ലെന്നും നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പെട്ടി മാത്രം കണ്ടിട്ട് ഇനി പൊയ്‌ക്കോട്ടെ എന്ന് പറഞ്ഞാൽ അതിന്‍റെ ഉദ്ദേശ്യമെന്താണ് ഷാഫി പറമ്പിൽ ചോദിച്ചു. പെട്ടി തുറന്ന് കണ്ടിട്ട് പോയാൽ മതിയെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഇങ്ങനെ ഷോ കാണിച്ചാൽ പാലക്കാട് കിട്ടിയത് പോലെ നിലമ്പൂരും കിട്ടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

വാഹനം പരിശോധിക്കാൻ അധികാരമുണ്ട്. പരിശോധനയോട് പൂർണമായി സഹകരിച്ചു. ആവശ്യപ്പെട്ട പ്രകാരം വാഹനത്തിന്‍റെ ഡിക്കി തുറന്ന് പെട്ടികൾ പുറത്തുവെച്ചത് താനാണ്. എന്നാൽ, പെട്ടികൾ തുറന്നു പരിശോധിക്കാതെ പൊയ്ക്കോളാൻ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്. പുറത്ത് നിന്ന് നോക്കിയാൽ പെട്ടിക്കുള്ളിൽ എന്താണെന്ന് അറിയാൻ കഴിയുമോ?.

പെട്ടി പരിശോധിക്കാതെ പോകാൻ പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഉദ്ദേശത്തിൽ സംശയം തോന്നിയത്. മറ്റ് രാഷ്ട്രീയ പാർട്ടിയിലെ ഒരു നേതാവിന്‍റെയും പെട്ടി പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു. ഇനി പരിശോധിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

പൊലീസ് നടത്തിയത് പരിശോധനയല്ലെന്നും അപമാനിക്കലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റാണ്ടം പരിശോധനയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടഞ്ഞ പെട്ടിയുടെ ഉള്ളിൽ എന്താണെന്ന് ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് ബോധ്യപ്പെടുക. അപമാനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണത്.

പെട്ടികൾ തുറന്ന് നോക്കാൻ പല തവണ ആവശ്യപ്പെട്ടു. എന്നാൽ, ബോധ്യപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടഞ്ഞ പെട്ടിക്കുള്ളിൽ ഒന്നുമില്ലെന്ന് പറയാൻ എക്സറേ ലെൻസ് കണ്ണിലുണ്ടോ എന്ന് താൻ ചോദിക്കുകയും ചെയ്തു. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായത്. തങ്ങളുടെ പരാതി ജനങ്ങൾ കാണുന്നുണ്ടെന്നും ജനങ്ങള്‍ പാരിതോഷികം കൊടുക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. 

വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തിയത്. രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുംവഴി നിലമ്പൂരിൽ വടപുറത്ത് വച്ചായിരുന്നു വാഹന പരിശോധന.

ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷാഫിയും രാഹുലും മറ്റുള്ളവരും പുറത്തിറങ്ങി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽ നിന്നും ഷാഫി പെട്ടികൾ എടുത്ത് റോഡിൽ വച്ചു. പെട്ടികൾ കണ്ട ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഷാഫി അടക്കമുള്ളവരോട് പറഞ്ഞു. എന്നാൽ, പെട്ടി തുറന്ന് പരിശോധിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

Tags:    
News Summary - Shafi Parambil, Rahul Mamkootathil react to Vehicle Search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.