തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എക്കെതിരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി.
അമ്പലം വിഴുങ്ങുന്ന സർക്കാറിന്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നതെന്നും എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ലല്ലോയെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രവർത്തിയാണ് പൊക്കമാണെന്ന് പറഞ്ഞ ഷാഫി എം.എൽ.എ നജീബ് കാന്തപുരത്തെ തന്റെ പോസ്റ്റിൽ ചേർത്ത് പിടിക്കുകയും ചെയ്തു. 'എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം'-ഷാഫി കുറിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം നജീബ് കാന്തപും ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഷാഫിയുടെ മറുപടി.
"പ്രവർത്തിയാണ് പൊക്കം. എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം. എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ല.
"എട്ടുമുക്കാൽ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവർക്കറിയാം " -സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ നടത്തിയ ബോഡി ഷെയ്മിങ് പരാമർശമാണ് ; മുഖ്യമന്ത്രിയുടെ വാക്കുകൾ വേദവാക്യം പോലെ വിഴുങ്ങുന്ന ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും കേരളം കണ്ടു!
അമ്പലം വിഴുങ്ങുന്ന സർക്കാറിൻ്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നത് ?"
‘എട്ടുമുക്കാലട്ടി വച്ച പോലെ....’ -മുഖ്യമന്ത്രിയുടെ അധിക്ഷേപം ഇങ്ങനെ...
തിരുവനന്തപുരം: നിയമസഭയിൽ ബഹളത്തിനിടെയാണ് പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. പ്രതിപക്ഷാംഗങ്ങൾ സഭവിട്ട ശേഷം മറുപടി പറയുന്നതിനിടെ, എട്ടുമുക്കാലട്ടി വച്ച പോലെ എന്ന് തന്‍റെ നാട്ടിലൊരു വർത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് ആക്രമിക്കാൻ പുറപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവർക്കെല്ലാം അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷ വെച്ച് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ തുനിയുകയായിരുന്നു. ഇതെല്ലാം അപമാനകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേര് വെളിപ്പെടുത്താതെയായിരുന്നു വിമർശനം.
പിന്നാലെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. ഉയരം കുറഞ്ഞ ആളുകളെ മുഖ്യമന്ത്രിക്ക് പുച്ഛമാണോയെന്നും ഇവർ ഏത് കാലത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഉയരം കുറഞ്ഞവരോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ദേഷ്യം. ഇത് ബോഡി ഷെയ്മിങാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു. പിന്നാലെ, സഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നൽകി.
മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം കടുക്കുകയാണ്. പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവു കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു. അതേസമയം, ഇതേകുറിച്ച് പ്രതികരിക്കാൻ ഭരണപക്ഷം തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.