കോഴിക്കോട്: നരേന്ദ്രമോദിയോടുള്ള താൽപര്യത്തിന്റെ പത്തിലൊന്നെങ്കിലും പിണറായി വിജയൻ കേരളത്തോട് കാണിക്കണെന്ന് ഷാഫി പറമ്പിൽ എം.പി. കോഴിക്കോട് മെഡിക്കൽ കോളജിൽ പുക ഉയർന്ന സംഭവത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു.
2026ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കേരള ജനത കൊടുക്കുന്ന തിരിച്ചടിയിൽ നിയമസഭയിലേക്ക് എത്തുന്നവരിൽ കോഴിക്കോട്ടെ കോൺഗ്രസ് എം.എൽ.എമാരും ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇനി യു.ഡി.എഫിന് വോട്ടുചെയ്യാനായി ബൂത്തിലെത്തുന്നവരുടെ കൂട്ടത്തിൽ ഇടതുപക്ഷത്തുള്ള സഖാക്കളും ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു.
മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് പുക ഉയര്‍ന്ന സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും പുക ഉയര്‍ന്ന കെട്ടിടത്തിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് വരുത്തിത്തീർക്കാൻ തിരക്കിട്ട് നീക്കം നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. മെഡിക്കൽ കോളേജിൽ പൂർണ സുരക്ഷ ഓഡിറ്റ് നടത്തണം. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം. ഇക്കാര്യത്തിൽ ആശയക്കുഴപ്പം പാടില്ലെന്നും ഷാഫി പറഞ്ഞു.
അതേസമയം, കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തിൽ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഷാഫി പറമ്പിൽ പിന്തുണച്ചു. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ലതാണെന്ന സ്പിരിറ്റിൽ നേതാക്കളെടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.