ഷാഫി പറമ്പിൽ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ തന്നെ പറയുന്നവർ പറഞ്ഞോട്ടെയെന്നും എന്നാൽ, ഞാൻ പറയേണ്ടത് പറയാതിരിക്കും എന്ന് ആരും ധരിക്കേണ്ടതില്ലെന്നും ഷാഫി പറമ്പിൽ എം.പി. ‘എന്നെ പറയുന്നതിന്റെ കാര്യവും കാരണവും ഒക്കെ എല്ലാവർക്കും അറിയാം. അത് പറഞ്ഞോട്ടെ. അതിലൊന്നും എനിക്ക് പ്രയാസമില്ല. പറയുന്നത് കേൾക്കാനും തയാറാണ്, മൂക്ക് പൊളിച്ചാൽ അതിനും തയാറാണ്. പക്ഷേ, പറയേണ്ടത് ഞാൻ പറയാതിരിക്കും എന്ന് ആരും ധരിക്കേണ്ടതില്ല. ചെയ്യേണ്ടതും പറയേണ്ടതുമായി നമ്മൾ നമ്മുടെ പ്രവർത്തനവുമായി മുന്നോട്ടുപോകും’ -ഷാഫി പറഞ്ഞു.
അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ ഇതവരെ കണ്ടെത്താനായില്ല. ഇന്നലെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രാഹുലിന്റേത് ഗുരുതര ലൈംഗിക അതിക്രമമാണെന്നും പ്രഥമദൃഷ്ട്യാ കേസിൽ പങ്കുണ്ടെന്നും പറഞ്ഞ കോടതി രാഹുൽ അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
യുവതിയെ പീഡിപ്പിച്ചതിനും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനുമാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗങ്ങളുടെയും വിശദവാദമാണ് അടച്ചിട്ട കോടതി മുറിയിൽ നടന്നത്. ബുധനാഴ്ച ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന്, വ്യാഴാഴ്ച പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്‍റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്‍റെ എഫ്.ഐ.ആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഉഭയ സമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്‍റെ വാദം ഖണ്ഡിക്കാനാണ് രണ്ടാമത്തെ പീഡന കേസിലെ എഫ്.ഐ.ആര്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദം ചെലുത്താനായിരുന്നു ഭീഷണിയെന്നും ഫ്ലാറ്റില്‍നിന്ന് ചാടുമെന്ന് പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു. കഴിഞ്ഞദിവസം ആരോ മെയിലില്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൂട്ടിയതാണ് പുതിയ കേസ് എന്നും യുവതിയുമായി ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്. ഫോണ്‍ വിളികളും ചാറ്റുകളും റെക്കോഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്ന് സമ്മർദമുണ്ടായെന്നും സി.പി.എം-ബി.ജെ.പി ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും രാഹുലിന് വേണ്ടി ഹാജരായ ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് വാദിച്ചു.
ബലാത്സംഗക്കേസിൽ മൂൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്‍റെ നീക്കം. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാലുടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.