കൊച്ചി: സി.പി.എം-എസ്.ഡി.പി.ഐ ‘ഡീലിനെ’ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ചൂടുപിടിക്കുന്നതിനിടെ, പരോക്ഷ വിമർശനവുമായി എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്.എഫ്.ഐയുടെ ബാനര്‍. അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയോട്, വര്‍ഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല എന്നാണ് ബാനറിലുള്ളത്. ശനിയാഴ്ച രാത്രിയാണ് ബാനര്‍ ഉയര്‍ത്തിയത്.
എസ്.ഡി.പി.ഐ സഹകരണം പ്രതിപക്ഷം ആയുധമാക്കിയതോടെ തള്ളാനോ കൊള്ളാനോ കഴിയാതെ സി.പി.എം ഉത്തരംമുട്ടി നിൽക്കുന്നതിനിടെയാണ്, പാർട്ടിയുടെ വിദ്യാർഥി സംഘടന കൂടിയായ എസ്.എഫ്.ഐയുടെ പരോക്ഷ വിമർശനം. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ടിന്‍റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. അഭിമന്യുവിന്‍റെ കുടുംബത്തിന്‍റെ കാലിൽ വീണ് മാപ്പപേക്ഷിക്കണമെന്നും സതീശൻ വിമർശിച്ചിരുന്നു.
എസ്.ഡി.പി.ഐ ധാരണ സംബന്ധിച്ച് ആവർത്തിച്ചുയർന്ന ചോദ്യങ്ങളോട് മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. പിന്തുണ കിട്ടിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് ജനറൽ സെക്രട്ടറി എം.എ. ബേബിക്കും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ‘അവരുടേതായ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുമോ ഇല്ലയോ എന്നത് അവരുടെ തീരുമാനമാണെന്നായിരുന്നു’ ജനറൽ സെക്രട്ടറിയുടെ തന്ത്രപരമായ വിശദീകരണം. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിക്കുമ്പോൾ ‘ഞങ്ങൾക്ക് വർഗീയ വോട്ടുകൾ വേണ്ട’ എന്ന പതിവ് പല്ലവി പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.
ജമാഅത്തെ ഇസ്ലാമി ബന്ധമാരോപിച്ച് യു.ഡി.എഫിനെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ‘എസ്.ഡി.പി.ഐ സഹകരണ’ വിവാദം ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. വെൽഫെയർ പാർട്ടിയുടെ പിന്തുണ ചൂണ്ടിക്കാട്ടി സി.പി.എം കടന്നാക്രമണം നടത്തുമ്പോൾ, പിന്തുണ അംഗീകരിക്കുന്നതിനൊപ്പം സി.പി.എമ്മിന്‍റെ പഴയകാല ബന്ധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരിച്ചടിച്ചിരുന്നത്. എന്നാൽ എസ്.ഡി.പി.ഐ സഹകരണത്തിൽ അംഗീകരിക്കാതെ ഒളിച്ചുകളി തുടരുന്നതാണ് സി.പി.എമ്മിനെ നിലപാട് വിശദീകരിക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.