തിരുവനന്തപുരം: ആർ.എസ്.എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന ആർ.എസ്.എസ് ബന്ധമുള്ള ‘എൻ.എം’ എന്നയാളെ പ്രതി ചേർക്കും. മരിച്ചയാളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി തമ്പാനൂർ പൊലീസ് രേഖപ്പെടുത്തി.
ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.
ഇത് തന്‍റെ മരണ മൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയത്. ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. പീഡനം നടത്തിയ ആളെക്കുറിച്ച് ‘എൻ.എം’ എന്ന ചുരുക്കപ്പേരാണ് പോസ്റ്റിലുള്ളത്. ഇയാൾ ആരാണെന്നത് സംബന്ധിച്ച സൂചന കുടുംബത്തിന്‍റെ മൊഴികളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല.
അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.