നിതിൻ രാജ് മരിച്ചിട്ട് മൂന്നുമാസം; ഒന്നാം പ്രതി റാം ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരിച്ചിട്ട് വെള്ളിയാഴ്ച മൂന്ന് മാസം തികയുമ്പോഴും ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. പല തവണ പ്രതിയെ തേടി അന്വേഷണ സംഘം ആന്ധ്രയിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരമൊന്നും ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു. അതിനിടെ ജൂൺ 12 വരെ റാമിനെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുണ്ടായതിനാൽ അതുവരെ കാത്തിരിക്കേണ്ടിയും വന്നു.

പിന്നാലെ വീണ്ടും അന്വേഷണ സംഘം റാമിനെ തേടി ആന്ധ്രയിലെത്തി പ്രതിയുടെ താവളം കണ്ടെത്തിയെങ്കിലും അറസ്‌റ്റ് നടന്നില്ല. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത് മുതൽ എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നിരുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച ബാലകൃഷ്ണൻ നായരെ കോഴിക്കോട് വിജിലൻസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ക്രൈം ബ്രാഞ്ച് കണ്ണൂർ, കാസർകോട് റേഞ്ച് എസ്.പിയായ കെ.വി. വേണുഗോപാലിനെയാണ് പുതുതായി നിയമിച്ചിട്ടുളളത്. ഇദ്ദേഹം കഴിഞ്ഞ ദിവസം ചുമതലയേറ്റതോടെ നിതിൻ രാജിന്റെ കേസന്വേഷണത്തിന് മുൻഗണന നൽകിയതായാണ് സൂചന. എത്രയും വേഗം റാമിനെ പിടികൂടാൻ ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായാണ് വിവരം.

തുടക്കം മുതലുണ്ടായ കേസന്വേഷണത്തിനെതിരെ ബന്ധുക്കൾ പരാതി ഉന്നയിച്ചതോടെയാണ് കഴിഞ്ഞ സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് മരിച്ചതെന്ന് എല്ലാവരും മൊഴി നൽകിയിരുന്നു. ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒന്നാം പ്രതി ഡോ.എം.കെ. റാമിനെ പിടികൂടാത്തത് ഇപ്പോഴും വലിയ ചർച്ചയാണ്.

രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണ സംഘം അവരെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 10 നാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Three months after Nitin Raj's death; first accused Ram still absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.