മുക്കത്തിനടുത്ത മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിക്ക് നേരെ ഹോട്ടലുടമയും സുഹൃത്തുക്കളും നടത്തിയ ലൈംഗികാതിക്രമ ശ്രമത്തി​ന്റെ ദൃശ്യങ്ങളിൽനിന്ന്

‘എന്നെ ഒന്നും ചെയ്യല്ലേ’ എന്നലറി വിളിച്ച് യുവതി, ‘ഒച്ച വെച്ചാൽ മാനം പോകും’ എന്ന് ഹോട്ടലുടമ; മുക്കത്തെ ഹോട്ടലിൽ നടന്ന പീഡനശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം

മുക്കം (കോഴിക്കോട്): മുക്കത്തിനടുത്ത മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിക്ക് നേരെ ഹോട്ടലുടമയും സുഹൃത്തുക്കളും നടത്തിയ ലൈംഗികാതിക്രമ ശ്രമത്തി​ന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതിയുടെ കുടുംബം. പീഡനശ്രമം അതിജീവിക്കാൻ താമസസ്ഥലത്തിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയ യുവതി ഇടുപ്പെല്ല് പൊട്ടിയ നിലയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാമ്പറ്റയിലെ ‘സ​ങ്കേതം’ എന്ന ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂർ പയ്യന്നൂർ സ്വദേശിനിയുമായ യുവതിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.

‘‘എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...’ എന്ന് യുവതി നിരവധി തവണ അലറി വിളിക്കുന്നത് കുടുംബം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം. അപ്പോൾ ‘അങ്കിളാണ് പേടിക്കണ്ട’ എന്നാണ് അതിക്രമത്തിന് ശ്രമിക്കുന്ന പുരുഷൻ പറയുന്നത്. ഇത് സ​ങ്കേതം ഹോട്ടലുടമ ദേവദാസ് ആണെന്ന് ബന്ധുക്കൾ പറഞ്ഞു. ‘അങ്കിൾ ഇന്നലെ സംസാരിച്ചതല്ലേ, ഒച്ച ഉണ്ടാക്കിയാൽ എന്റെ മാനം പോകും’ -എന്നും ഇയാൾ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. ‘എന്നെ വിട്, എന്നെ ഒന്നും ചെയ്യല്ലേ’ എന്ന് യുവതി ആവർത്തിച്ച് കേണപേക്ഷിക്കുന്നതും കാണാം. എന്നിട്ടും അതിക്രമം തുടർന്ന​തോടെ ആത്മരക്ഷാർത്ഥം കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

ശനിയാഴ്ച രാത്രി 11ഓടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഹോട്ടൽ ഉടമ ദേവദാസ്, ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി.

അതിനിടെ, പ്രതികൾ കേസ് പിൻവലിക്കാൻ ബന്ധുക്കളെ സ്വധീനിക്കാൻ ശ്രമം നടത്തി​യെങ്കിലും വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടത്. പ്രതികൾ താമസസ്ഥലത്ത് വരുമ്പോൾ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്നു യുവതി. അതിനിടയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവത്തിന് മുമ്പും ഹോട്ടലുടമ യുവതിക്ക് മെസേജ് അയച്ചിരുന്നു​വെന്നും ഇത് തെളിവായി തങ്ങളുടെ കൈയിലുണ്ടെന്നും കുടുംബം അറിയിച്ചു. 

Full View

Tags:    
News Summary - sexual assault at mukkam Mampetta sanketam hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.