കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഏഴുപേർക്ക് പരുക്ക്. കല്ലോട്, എരവട്ടൂർ, പേരാമ്പ്ര ഹൈസ്കൂളിനു സമീപം എന്നിവിടങ്ങളിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ എരവട്ടൂർ ചാലിൽ സന്ധ്യയെ (40) പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരവട്ടൂർ സ്വദേശി മുള്ളൻ കുന്നുമ്മൽ സുരേന്ദ്രന് കാലിനാണ് കുത്തേറ്റത്. അയൽവാസിയായ മുള്ളൻ കുന്നുമ്മൽ ഹസ്സന് കാലിലും കൈക്കും കുത്തേറ്റു. കല്ലോട് സ്വദേശി ചേനിയ കുന്നുമ്മൽ ശ്രീജിത്തിന് പുറത്താണ് കുത്തേറ്റത്. കല്ലോട് കൂമുള്ളതിൽ മീത്തൽ വിപിനിന് കാലിനാണ് പരുക്ക്.
ഹൈസ്കൂളിനു സമീപമുള്ള കല്ലിൽ സതീശന് കാലിനാണ് പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കാലിനും കൈക്കും പരുക്കേറ്റ ഹൈസ്കൂളിനു സമീപത്തെ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പന്നിയുടെ ആക്രമണമുണ്ടാവുന്നത്.
ഏകദേശം ആറു കിലോമീറ്റർ ഓടിയാണ് പന്നി കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചത്. വീട്ട് മുറ്റത്ത് നിൽക്കുന്നവർക്കും പറമ്പിൽ നിൽക്കുന്നവർക്കുമെല്ലാം കുത്തേറ്റു. ഒരു കാട്ടുപന്നി ഇത്രയും അധികം ആളുകളെ ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. ഈ മേഖലകളിലെല്ലാം കാട്ടു പന്നികൾ ഇറങ്ങാറുണ്ടെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്. അക്രമം നടത്തിയ പന്നി വടക്കൻ കല്ലോട് ഭാഗത്തേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.