തിരുവനന്തപുരം: കേരളത്തിലെ 10 ഡിസ്‌റ്റിലറികളിൽ ഏഴും ആരംഭിച്ചത് കോൺഗ്രസ് ഭാഗമായ സർക്കാറുകൾ ഭരിക്കുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌റ്റിലറികൾക്ക് പുറമെ എട്ട് ബ്ലൻഡിങ് യൂനിറ്റും രണ്ട് ബ്രൂവറിയും പ്രവർത്തിക്കുന്നുണ്ട്. രണ്ട് ബ്രൂവറിയും ആരംഭിച്ചത് കോൺഗ്രസ് കാലത്താണ്. ഇതിലേതെങ്കിലും ആരംഭിച്ചത് ടെൻഡർ വിളിച്ചിട്ടായിരുന്നോ എന്നും പിണറായി ചോദിച്ചു. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. വ്യവസായ നിക്ഷേപങ്ങൾ ടെൻഡർ വിളിച്ചല്ല അനുവദിക്കാറുള്ളത്. പാലക്കാട് ബ്രൂവറി ആരംഭിക്കാൻ അനുമതി നൽകിയ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ല. മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾതന്നെയാണ് നടപ്പാക്കുന്നത്.
1000 കോടി നിക്ഷേപമാണ് പദ്ധതിയിലൂടെ ലഭിക്കുക. പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ 650 പേർക്ക് നേരിട്ടും 2000പേർക്ക് പരോക്ഷമായും തൊഴിൽ ഉറപ്പാക്കാനാകും. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സിംഗിൾ വിൻഡോ സിസ്‌റ്റം വഴിയാകും പദ്ധതിക്ക് അംഗീകാരം നൽകുക. ഈ ബോർഡിൽ പഞ്ചായത്ത് പ്രതിനിധിയും അംഗമാണ്. കുടിവെള്ളവും ജലസേചനവും ഉറപ്പാക്കി, സിറോ ഡിസ്‌ചാർജ് യൂനിറ്റാണ് സ്ഥാപിക്കുന്നത്. മാലിന്യം പുറന്തള്ളുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കും. പ്ലാന്‍റ് സജ്ജമായാൽ പരിസ്ഥിതി അനുമതി വാങ്ങിയശേഷമേ പ്രവർത്തനം ആരംഭിക്കൂ.
ദക്ഷിണേന്ത്യയിലെ ആദ്യ മൾട്ടി ഫീഡ് ഡിസ്റ്റലറി പ്രോജക്ടാണ് പാലക്കാട്ടേത്. വിവിധ കാർഷികോൽപന്നങ്ങൾ ഉപയോഗിച്ച് സ്‌പിരിറ്റ് നിർമിക്കുന്നതാണ് പദ്ധതി. ഉപയോഗശൂന്യമായ അരി, വെജിറ്റബിൾ വേസ്‌റ്റ്, മരച്ചീനി, ഗോതമ്പ്, സ്വീറ്റ് പൊട്ടറ്റോ, ചോളം എന്നിവയാണ് അസംസ്കൃതവസ്തു. എക്‌സൈസ് വകുപ്പ്, ബാർ എന്നൊക്കെ കേൾക്കുമ്പോൾ അഴിമതി ഓർമവരുന്നത് മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ‘ജനിതകപ്രവർത്തനം’ തന്നെയാണ്. അത് തങ്ങളുടേതല്ല. ആ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മദ്യ നിർമാണ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജറെ പോലെയാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുപ്രസിദ്ധമായ കമ്പനിയുടെ മാത്രം അപേക്ഷ വാങ്ങി, കുടിക്കാന്‍ വെള്ളമില്ലാത്ത പാലക്കാട്ട് മദ്യ നിർമാണകേന്ദ്രത്തിന് അനുമതി നല്‍കുകയായിരുന്നു. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനിര്‍മാണ ശാല തുടങ്ങാൻ ഒരു കമ്പനിമാത്രം അപേക്ഷ നല്‍കിയെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്. ബ്രൂവറി പ്ലാന്റും എഥനോള്‍ പ്ലാന്റും ബോട്ടിലിങ് പ്ലാന്റും എല്ലാം ഒറ്റ കമ്പനിക്കാണ് കൊടുത്തത്. അതും ആരും അറിയാതെ. കേരളത്തിലെ ഒരു ഡിസ്റ്റിലറിപോലും അറിഞ്ഞില്ല. അനുമതി നല്‍കുന്നകാര്യം മധ്യപ്രദേശിലെ ഒയാസിസ് കമ്പനി മാത്രമേ അറിഞ്ഞുള്ളൂ. രണ്ടുവര്‍ഷം മുമ്പ് കോളജ് തുടങ്ങാനെന്ന പേരില്‍ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ആരും അറിയാതെ മധ്യപ്രദേശ് കമ്പനി മാത്രം എങ്ങനെയാണ് മദ്യനിര്‍മാണ ശാലക്ക് അനുമതി നല്‍കുന്ന വിവരം അറിഞ്ഞതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.