പാണ്ടിക്കാട് (മലപ്പുറം): ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാവുകയും വെടിയേറ്റ് യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. ചെമ്പ്രശ്ശേരി തോരൻ വീട്ടിൽ സുനീർ (39), കൊടശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ വീട്ടിൽ ബിജു (27), തോട്ടിങ്ങൽ വീട്ടിൽ അരുൺ പ്രസാദ് (25), ചുള്ളിക്കുളവൻ ഷംനാൻ (25), ചെമ്പ്രശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ വീട്ടിൽ സുമിത്ത് (28), കാരക്കാടൻ വീട്ടിൽ സനൂപ് (24), മാനീരിപ്പറമ്പിൽ ബൈജു (22) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് മുതൽ 11 വരെ പ്രതികളാണ് അറസ്റ്റിലായത്. ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെടിയുതിർത്തയാളുൾപ്പെടെ ഒന്നു മുതൽ നാലുവരെ പ്രതികൾ ഒളിവിലാണ്. വേറെയും പ്രതികളുണ്ടെന്നും ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. ചെമ്പ്രശ്ശേരി കൊറത്തിത്തൊടികയിലെ കുടുംബക്ഷേത്രത്തിൽ നടന്ന താലപ്പൊലി ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിനാണ് (32) വെടിയേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇരു പ്രദേശത്തുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ചെമ്പ്രശ്ശേരി ഇൗസ്റ്റ്-കൊടശ്ശേരി പ്രദേശവാസികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പ്രേംജിത്ത്, പാണ്ടിക്കാട് സി.ഐ സി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഉണ്ണികൃഷ്ണൻ, ഷമീർ കരുവാരകുണ്ട്, സജീർ, രജീഷ്, ഷൈജു കരുവാരകുണ്ട്, സജി, റാഷിദ്, ഷാജഹാൻ, സജിത്ത്കുമാർ, അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.