എൻ. പ്രശാന്ത് ഐ.എ.എസിന് തിരിച്ചടി; സസ്പെൻഷൻ ആറു മാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്‍റെ സസ്പെൻഷൻ ആറു മാസത്തേക്കുകൂടി നീട്ടി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ നേരത്തേ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടന്ന ഹിയറിങ്ങിലും ശേഷവും നിലപാടിലുറച്ച് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

മേയ് അഞ്ചിന് ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി പ്രശാന്തിനെതിരായ നടപടി തുടരാൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ച് മേയ് 10 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം 180 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടിയാണ് പൊതുഭരണ വകുപ്പ് ബുധനാഴ്ച ഉത്തരവിറക്കിയത്. ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമാണ് സസ്പെൻഷൻ നീട്ടലെന്നത് ശ്രദ്ധേയം.

ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് പ്രശാന്തിനെ 2024 നവംബര്‍ 11ന് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായും എറ്റുമുട്ടലിലായിരുന്നു പ്രശാന്ത്. ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ജയതിലകിനെതിരെ സമൂഹമാധ്യമ വിമർശനങ്ങൾ തുടർന്നു. ഇതോടെ, ജനുവരി ഒമ്പതിന് പ്രശാന്തിന്റെ സസ്പെൻഷൻ നാലു മാസത്തേക്ക് നീട്ടി.

പിന്നാലെ, പ്രശാന്തിനെ നേരിട്ട് കേൾക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിപ്പിച്ചു. പ്രശാന്ത് ഹിയറിങ്ങിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും നിലപാടിൽനിന്ന് പിന്മാറില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. പ്രമോഷനടക്കമുള്ള കാര്യങ്ങളിൽ പരിഹാരമുണ്ടാക്കാതെ തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് നിർബന്ധമില്ലെന്നും സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസംമുട്ടാൻ താൻ ഗോപാലകൃഷ്ണനല്ലെന്നും തുറന്നടിച്ചു. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കൽ, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് സർക്കാർ തലത്തിലെ അനുനയങ്ങളുടെ വഴിയടഞ്ഞത്. ഇതിനിടെ, ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശാരദ മുരളീധരൻ വിരമിക്കുകയും പകരം ജയതിലക് എത്തുകയും ചെയ്തു.

സിനിമ നടൻ ജഗതിയുടെ ഹാസ്യ കഥാപാത്രത്തിന്റെ ചിത്രം ‘തുടരും’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലിട്ടാണ് സർക്കാർ നടപടിയോട് പ്രശാന്ത് പ്രതികരിച്ചത്.

Tags:    
News Summary - Setback for N. Prashanth IAS; Suspension extended for another six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.