മലപ്പുറം: ആറുവരി ദേശീയപാതയുടെ സർവീസ് റോഡ് വീണ്ടും ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കൂരിയാടിന് രണ്ട് കിലോമീറ്റർ അകലെ വി.കെ. പടിയിലാണ് സംഭവം. സർവീസ് റോഡ് ഇടിയുകയും വിടവിലൂടെ ടാർ അടിയിലേക്ക് താഴ്ന്നു പോവുകയുമാണ് ഉണ്ടായത്.
കൂരിയാട് ഭാഗത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്ന സർവീസ് റോഡ് ആണ് ഇപ്പോൾ ഇടിഞ്ഞിട്ടുള്ളത്. സർവീസ് റോഡ് ഇടിച്ചു താഴ്ന്നതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഒരു മാസം മുമ്പാണ് കൂരിയാട് എൻ.എച്ച്66ലെ ആറുവരിപാതയിൽ സർവീസ് റോഡും സംരക്ഷണ ഭിത്തിയും കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നത്. തുടർന്ന് ദേശീയപാതയുടെ പല ഭാഗങ്ങളിലും റോഡ് തകരുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞാഴ്ച തലപ്പാറയിൽ സർവീസ് റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു താഴ്ന്നിരുന്നു.
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപവും കാസർകോട് ചെർക്കള-കാലിക്കടവ് റീച്ചിൽപെട്ട ചട്ടഞ്ചാലിൽ വൻ ഗർത്തവും വിള്ളലും രൂപപ്പെട്ടിരുന്നു. പയ്യന്നൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്തും പിലാത്തറയിലും വെള്ളൂരിലും കോറോം റോഡിനും പിന്നാലെ എടാട്ടും നിർമാണം പൂർത്തിയായ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
എടാട്ട് ബൈപാസ് റോഡ് ദേശീയപാതയുമായി ചേരുന്ന കണ്ണങ്ങാട്ട് സ്റ്റോപ്പ് മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലാണ് കാൽ കിലോമീറ്ററിനുള്ളിൽ നിരവധി വിള്ളലുകൾ കാണപ്പെടുന്നത്.
ദേശീയപാതയും സർവീസ് റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.