എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗൗരവമുള്ള പരാതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു നിമിഷം പോലും രാഹുൽ പദവിയിൽ തുടരരുത്. രാഹുലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് നീക്കാൻ കോൺഗ്രസ് തയാറാവണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തെളിവുകൾ ഉൾപ്പടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് വാർത്താമാധ്യമങ്ങളിൽ നിന്ന് മനസിലാക്കുന്നത്. ഇത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ കോൺഗ്രസ് എടുത്ത സസ്പെൻഷൻ നടപടിയേയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്റെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമാണെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഇന്ന് യുവതി പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി.ഡി.ജി.പി പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ഗുരുതരമായ ആരോപണങ്ങൾ പരാതിയിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന. രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.