തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് പ്രവേശനത്തിന് ഫീസ് കുറക്കാൻ മാനേജ്മെൻറുകൾക്ക് മേൽ സമ്മർദവുമായി സർക്കാർ. ഒരാഴ്ചക്കകം മാനേജ്മെൻറ് അസോസിയേഷനുമായി ഇക്കാര്യത്തിൽ ചർച്ചനടത്തി ധാരണയിലെത്താനാണ് ശ്രമം. എൻജിനീയറിങ് സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഫീസ് കൂട്ടണമെന്ന് ഇത്തവണ മാനേജ്മെൻറുകൾ ആവശ്യപ്പെട്ടിട്ടില്ല. പകരം കഴിഞ്ഞവർഷത്തെ ഫീസ് ഘടന തുടരണം എന്ന നിലപാടാണ് കഴിഞ്ഞ രണ്ട് ചർച്ചകളിലും ആവശ്യപ്പെട്ടത്. ഫീസ് കുറക്കണമെന്ന് സർക്കാർ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ വ്യക്തിഗത മാനേജ്മെൻറുകളിൽ ചിലർ അനുകൂല നിലപാടിലാണ്. എന്നാൽ, മാനേജ്മെൻറ് അസോസിയേഷൻ തലത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞവർഷത്തെ ഫീസ് പരമാവധി തുകയായി നിശ്ചയിച്ച് അസോസിയേഷനുമായി കരാർ ഒപ്പിടുകയും കോളജുകൾക്ക് കുറഞ്ഞ ഫീസ് ഘടന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പ്രവേശനം നടത്താമെന്നുമുള്ള നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. ഇതിന് അംഗീകാരമായാൽ ഫീസ് കുറക്കാൻ വഴിയൊരുങ്ങും. കഴിഞ്ഞവർഷം സ്വാശ്രയ എൻജിനീയറിങ് മെറിറ്റ് സീറ്റിൽ പകുതിയിൽ കുറഞ്ഞവരുമാനക്കാർക്ക് 50,000 രൂപയായിരുന്നു ഫീസ്. അവശേഷിക്കുന്ന മെറിറ്റ് സീറ്റിൽ 75,000 രൂപ. മാനേജ്മെൻറ് സീറ്റിൽ 99,000 രൂപ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസുമായിരുന്നു. 1.75 ലക്ഷമായിരുന്നു എൻ.ആർ.െഎ സീറ്റിൽ ഫീസ്.
കാത്തലിക് മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള 14 കോളജുകളിൽ മെറിറ്റ്, മാനേജ്മെൻറ് സീറ്റുകളിൽ ഏകീകൃത ഫീസാണ് ഇൗടാക്കുന്നത്. ഇൗ വർഷവും ഇവിടെ ഏകീകൃത ഫീസായിരിക്കും. രണ്ട് അസോസിയേഷന് കീഴിലുള്ള കോളജുകളുമായും ഒരാഴ്ചക്കകം ഫീസ് ഘടനയിൽ ധാരണയിലെത്തിയേക്കും. കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള 105 കോളജുകളിലെ മാനേജ്മെൻറ് സീറ്റുകളിലേക്ക് ഇത്തവണ പ്രേവശന മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി മേയ് 28ന് പ്രേത്യക പരീക്ഷ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.