ഫയല്‍ തീര്‍പ്പാക്കുന്നതില്‍ മെല്ളെപ്പോക്ക്; സര്‍ക്കാര്‍ പരിശോധന തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഫയല്‍ തീര്‍പ്പാക്കുന്നതിലെ ഉദ്യോഗസ്ഥ മെല്ളെപ്പോക്കിന്‍െറ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധന ആരംഭിച്ചു. ജനുവരി ഒന്നു മുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയതിന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ പൊതുഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഐ.എ.എസ്-ഐ.പി.എസ് തര്‍ക്കം, കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ നിലപാട് എന്നിവയാണ് ഇഴയാന്‍ കാരണമായത്. വിവിധ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഇക്കാര്യം നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശങ്ങളാണ് ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്.

ഭാവിയില്‍ ബാധ്യത വന്നേക്കാവുന്ന വിഷയങ്ങളില്‍ സ്വന്തം നിലയില്‍ ഐ.എ.എസുകാര്‍ തീരുമാനം എടുക്കുന്നില്ല. മിക്ക ഫയലുകളിലും പലരും പ്രത്യേക കുറിപ്പും എഴുതിവെക്കുന്നു. കിഫ്ബി പോലെ സര്‍ക്കാറിന്‍െറ സുപ്രധാന പദ്ധതികളുടെ ഫയല്‍ വിജിലന്‍സ് കൊണ്ടുപോയത് ഐ.എ.എസുകാരെ ഞെട്ടിച്ചിട്ടുണ്ട്. വയ്യാവേലി പിടിക്കേണ്ടെന്നാണ് പലരുടെയും നിലപാട്. അതുകൊണ്ടുതന്നെ രണ്ടാംഘട്ട പദ്ധതികളിലൊന്നും ഐ.എ.എസുകാര്‍ സ്വന്തം നിലക്ക് നിലപാട് എടുക്കുന്നില്ല. ഇത് ഭരണത്തെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതാണ് സെക്രട്ടേറിയറ്റ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്‍െറ അടക്കം സര്‍വിസ് സംഘടനകള്‍ ഇവിടെ പ്രക്ഷോഭ പാതയിലാണ്. സി.പി.എം അനുകൂല സംഘടനയിലുള്ളവര്‍ക്കും ഇതിനോട് എതിര്‍പ്പുണ്ട്. അവരും പേരിന് പ്രതിഷേധ പ്രകടനമൊക്കെ നടത്തി. മറ്റെല്ലാം ഫയല്‍ നീക്കത്തിലാണ് പ്രകടിപ്പിക്കുന്നത്. നിലവില്‍ സെക്രട്ടേറിയറ്റില്‍ ഫയല്‍ ട്രാക്കിങ് സംവിധാനമുണ്ട്. ഈ നിലക്കും പൊതുഭരണ വകുപ്പ് നീക്കം നടത്തുന്നുണ്ട്. എന്നാല്‍ കുറിപ്പുകളെഴുതി ഫയലുകള്‍ വകുപ്പുകളില്‍നിന്ന് വകുപ്പുകളിലേക്ക് പലവുരു ഓടിക്കുന്നവരുമുണ്ട്.

Tags:    
News Summary - secrataeriate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.