പിണറായി വിജയൻ
കൊല്ലം: രണ്ടാം പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടി രംഗത്ത്. പാർട്ടിയുടെ ഏക എം.എൽ.എ കോവൂർ കുഞ്ഞുമോൻ പങ്കെടുത്ത സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനവും ഇടതു മുന്നണി വഞ്ചിച്ചെന്ന ആക്ഷേപവും ഉയർന്നത്. മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ക്ഷേമ പെൻഷൻ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കൽ, സപ്ലൈകോ അടക്കം പൊതുവിതരണ സംവിധാനത്തിലുണ്ടായ വീഴ്ചകൾ ഇവയൊക്കെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ഇടതു മുന്നണിയിൽ ഉൾപ്പെടുത്തുമെന്നും സഹായിക്കുമെന്നും പറഞ്ഞ് ആർ.എസ്.പിയെ പിളർത്തിയ സി.പി.എം പിന്നീട് വഞ്ചിച്ചതായി സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ച് പാർട്ടി അസി. സെക്രട്ടറി പി.ടി. ശ്രീകുമാറും സെക്രട്ടേറിയറ്റ് അംഗം സാബു ചക്കുവള്ളിയും പറഞ്ഞു. അർഹമായ പരിഗണന നിഷേധിക്കുമ്പോഴും കേരള കോൺഗ്രസിന് മുന്നിൽ കീഴടങ്ങി നിൽക്കുകയാണ് സി.പി.എം. കൊല്ലത്തെ സ്ഥാനാർഥി നിർണയം പാളി. കുന്നത്തൂരിൽ ഇടതു മുന്നണിക്കാണ് ഭൂരിപക്ഷം. പല മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ മുന്നണി പിറകിലായപ്പോഴാണ് ഇത്. ഇതൊക്കെയായിട്ടും കുഞ്ഞുമോന് മന്ത്രിസ്ഥാനം നിഷേധിച്ചത് ന്യായീകരിക്കാനാവില്ല. തിങ്കളാഴ്ച മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതായും അതിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.