കെ.വി. തോമസ് സ്വന്തം മുന്നണി സ്ഥാനാർഥിയെ ഒറ്റുകൊടുത്തെന്ന് സെബാസ്റ്റ്യൻ പോൾ

കൊച്ചി: സീറ്റ് ഉറപ്പിക്കാൻ സ്വന്തം മുന്നണി സ്ഥാനാർഥിയെ ബലിയാടാക്കിയ നേതാവാണ് കെ.വി. തോമസെന്ന് മുൻ എം.പി സെബാസ്റ്റ്യൻ പോൾ. 2021ൽ പ്രസിദ്ധീകരിച്ച 'എന്‍റെ കാലം എന്‍റെ ലോകം' ആത്മകഥയിലാണ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങൾ അദ്ദേഹം പങ്കുവെക്കുന്നത്. 1998ലെ എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ലിനോ ജേക്കബ് പരാജയപ്പെട്ടതിന് പിന്നിൽ കെ.വി. തോമസിന്‍റെ കരങ്ങളാണെന്ന് വെളിപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ പോൾ. പ്രഫ. എം.കെ. സാനു പരാജയപ്പെടുത്തിയ എ.എൽ. ജേക്കബിന്‍റെ മകനും കോൺഗ്രസിന്‍റെ മികച്ച സംഘാടകനും കോർപറേഷൻ കൗൺസിലറുമായിരുന്നു ലിനോ.

അന്ന് വളരെ ഈസിയായി വിജയിക്കേണ്ട ലിനോയെ പരാജയപ്പെടുത്തിയത് തോമസാണ്. 3,940 വോട്ടിന് സെബാസ്റ്റ്യൻ പോൾ ജയിച്ചപ്പോൾ മറുവശത്ത് 2001ലെ തെരഞ്ഞെടുപ്പിൽ തോമസ് സീറ്റ് ഉറപ്പിക്കുകയായിരുന്നു. ലിനോയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പേരുവെക്കാത്ത നോട്ടീസിനു പിന്നിൽ തോമസായിരുന്നുവെന്ന് മൂന്ന് വർഷത്തിന് ശേഷം ലിനോക്കും മനസ്സിലായി. കത്തിന്‍റെ കൈയെഴുത്ത് പ്രതി ലിനോക്ക് കിട്ടിയെന്നാണ് ആത്മകഥയിലെ വിശദീകരണം. കൈപ്പട തിരിച്ചറിയാൻ ലിനോക്ക് പ്രസായമുണ്ടായില്ല. വരാനിരിക്കുന്ന പ്രമാണിക്കായി നാട്ടിൻപുറങ്ങളിലെ ബസിൽ ഡ്രൈവറുടെ ഇടതുവശത്തെ ഒറ്റ സീറ്റ് ഒഴിച്ചിടുന്ന പണിയാണ് 1998ലെ ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നും കോൺഗ്രസ് ബസിൽ കെ.വി. തോമസിനായി സീറ്റ് ഒഴിച്ചിടുകയായിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിലും ഇടനിലക്കാരുടെ ഇടപെടലുണ്ടെന്ന വിമർശനവും ആത്മകഥയിലുണ്ട്. പാർട്ടി സ്ഥാനാർഥികൾ ഉണ്ടാകുന്നതെങ്ങനെയെന്നത് ആശ്ചര്യമുള്ള രഹസ്യമാണ്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് സ്ഥാനർഥിയായതിന് പിന്നിൽ വ്യവസായി രവിപിള്ളയാണെന്ന് അടക്കം പറഞ്ഞു. കെ.വി. തോമസാണ് തന്‍റെ എതിർ സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നും കഥയുണ്ടായി. 2009ലെ തെരഞ്ഞെടുപ്പിൽ സിന്ധു ജോയ് സ്ഥാനാർഥിയാണെന്ന് അറിഞ്ഞപ്പോൾ കെ.വി. തോമസ് ഡെൽഹിക്ക് പറന്ന് സ്ഥാനാർഥിത്വം ഉറപ്പിച്ചു.

എം.എ. ബേബിയുടെ താൽപര്യപ്രകാരം തോമസ് ഐസക്കാണ് സിന്ധുവിന് സീറ്റ് ഉറപ്പിച്ചത്. അതും തോമസിന് സഹായകമായെന്ന് സെബാസ്റ്റ്യൻ പോളിന്‍റെ ആത്മകഥയിലുണ്ട്. അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങൾ കെ.വി. തോമസിനെ കൂടെ കൂട്ടിയ ഇടതു മുന്നണിക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്.

Tags:    
News Summary - Sebastian Paul says Thomas betrayed his own front candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.