കൊച്ചി: രാജ്യത്തെ ആദ്യ വാണിജ്യ ജലവിമാന (സീ പ്ലെയിൻ) സർവിസ് കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് യാഥാർഥ്യമാകുന്നു. ലക്ഷദ്വീപിനെ കൊച്ചിയുമായും ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ തമ്മിലും ബന്ധിപ്പിച്ചുള്ള സർവിസുകളുടെ പരീക്ഷണ പറക്കലിന് ചൊവ്വാഴ്ച തുടക്കമാകും.
ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സ്കൈഹോപ്പ് ഏവിയേഷൻ എന്ന കമ്പനിക്കാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) അനുമതി നൽകിയത്. ഞായറാഴ്ച തുടങ്ങാനിരുന്ന പരീക്ഷണ പറക്കൽ പ്രതികൂല കാലവസ്ഥയെ തുടർന്ന് മാറ്റുകയായിരുന്നു. വെള്ളത്തിൽനിന്ന് പറന്നുയരാനും വെള്ളത്തിൽ ഇറങ്ങാനും കഴിയുന്ന ജലവിമാനങ്ങൾക്ക് വലിയ റൺവേയോ വിമാനത്താവളമോ ആവശ്യമില്ല.
ജലവിമാന സർവിസ് ആരംഭിക്കുന്നതോടെ കൊച്ചിക്കും ലക്ഷദ്വീപിനുമിടയിലും വിവിധ ദ്വീപുകൾക്കിടയിലും യാത്രാസമയം ഗണ്യമായി കുറയും. കൊച്ചിയിൽനിന്ന് ഒരുമണിക്കൂർകൊണ്ട് ലക്ഷദ്വീപിലെത്താം. വിനോദ സഞ്ചാര മേഖലക്കും പദ്ധതി ഉണർവേകും. പരീക്ഷണ പറക്കലിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചിയിൽനിന്ന് അഗത്തിയിലെത്തുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.30ന് മടങ്ങും. ബുധനാഴ്ച കൽപേനി, കവരത്തി ദ്വീപുകളിലേക്കും വ്യാഴാഴ്ച കടമത്ത്, കിൽത്താൻ ദ്വീപുകളിലേക്കും പരീക്ഷണ പറക്കൽ നടക്കും.
നെടുമ്പാശ്ശേരിയിൽനിന്നാണ് പരീക്ഷണ പറക്കൽ. പൂർണ തോതിലുള്ള സർവിസ് മറൈൻ ഡ്രൈവിൽ നിന്നാകും. ജി.ഡി.സി.എ അനുമതി ലഭിച്ചാലുടൻ സർവിസ് തുടങ്ങാനാണ് തീരുമാനം. 19 പേർക്ക് സഞ്ചരിക്കാവുന്ന ഡി ഹാവിലാൻഡ് കാനഡ ഡി.എച്ച്.സി-6 ട്വിൻ ഓട്ടർ ചെറുവിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തുന്ന പരീക്ഷണ പറക്കലിന് വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.