തിരുവനന്തപുരം: നിയമസഭയിൽ കന്നി പ്രസംഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്‍ലിയ. പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുപക്ഷം തന്നെ കുട്ടിയായി ചിത്രീകരിച്ച് പരിഹസിച്ചെന്നും, എന്നാൽ പേരാമ്പ്രയിലെ ജനങ്ങൾ തന്നെ ചേർത്തുപിടിച്ചാണ് വിജയിപ്പിച്ചതെന്നും അവർ പറഞ്ഞു.
അധികാരത്തിന്റെ അഹങ്കാരത്തോടെ പെരുമാറുന്ന ഭരണാധികാരികൾക്കുള്ള കൃത്യമായ താക്കീതാണ് കേരളത്തിലെ വോട്ടർമാർ നൽകിയത്. സെൽഫി എടുക്കാൻ വരുന്ന ചെറുപ്പക്കാരെ തട്ടിയോടിക്കുന്ന മുഖ്യമന്ത്രിയെ പ്രതിപക്ഷത്തിരുത്തി ആ കസേരയിൽ ഒരു പൂക്കി മുഖ്യമന്ത്രിയെ കൊണ്ടുവന്ന ഡിജിറ്റൽ സാക്ഷരതയുടെ മനുഷ്യരാണ് നമ്മുടെ നാട്ടിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുപക്ഷം തന്നെ ‘കുട്ടി’ എന്ന് വിളിച്ച് പരിഹസിച്ചതും, ഫ്യൂഡൽ മാടമ്പിത്തരത്തോടെയുള്ള അവരുടെ പെരുമാറ്റവും ഫാത്തിമ തഹ്‍ലിയ സഭയിൽ അക്കമിട്ട് നിരത്തി. ‘എതിരാളികളെ കുട്ടിയായി ചിത്രീകരിച്ച് പുച്ഛിക്കുന്നതാണ് സി.പി.എം ശൈലി. എന്നാൽ, അധികാരത്തിന്റെ തണലിൽ ആരെയും തട്ടിമാറ്റാമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് പേരാമ്പ്രയിലെ ജനങ്ങൾ നൽകിയത്.
കേവലം സെൽഫി വിവാദത്തിൽ മാത്രമല്ല, ഭരണത്തിന്റെ ഒരോ ഘട്ടത്തിലും ജനങ്ങളെ അവഗണിക്കുന്ന പിണറായിയുടെ രീതിക്കെതിരെ ശക്തമായ വിമർശനമാണ് അവർ ഉന്നയിച്ചത്. വിവര സാങ്കേതികവിദ്യയുടെ കാലത്ത്, കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും തെറ്റായ ഭരണശൈലികൾക്കെതിരെ ശബ്ദിക്കാനും കേരളത്തിലെ പൊതുസമൂഹത്തിന് കഴിയുമെന്നും, ഇത്തരമൊരു സമൂഹം ഭരണാധികാരികളുടെ ധാർഷ്ട്യത്തെ വോട്ടിലൂടെ തിരുത്തുമെന്നും അവർ ഓർമിപ്പിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയൻ ഭരണത്തെ ‘ഭരണപരമായ അനാഥത്വം’ എന്നാണ് തഹ്‍ലിയ വിശേഷിപ്പിച്ചത്. ദുരന്തമുഖങ്ങളിൽനിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളെ ചേർത്തുപിടിക്കുന്ന ഉമ്മൻചാണ്ടിയെപ്പോലെയുള്ള നേതാക്കളുടെ രാഷ്ട്രീയമാണ് നാടിന് ആവശ്യമെന്നും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിൽ പോലും ഭരണകൂടത്തിന്റെ വീഴ്ചകളെക്കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും, ഭരണമാറ്റത്തിന്റെ അനിവാര്യതയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
കാഫിർ സ്ക്രീൻഷോട്ട് വിവാദവും ‘ഖൗമിലെ കുട്ടി’ എന്ന വർഗീയ അനൗൺസ്മെന്റും സി.പി.എം അഴിച്ചുവിട്ടത് വർഗീയത വളർത്താനാണ്. കമ്മ്യൂണിസത്തിൽ വർഗീയത കലർത്തുകയാണ് സി.പി.എം ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി.
മുൻ കെ.പി.സി.സി അധ്യക്ഷൻ കെ.ജി. അടിയോടിക്ക് ശേഷം പേരാമ്പ്രയിൽ കാര്യമായ വികസനമൊന്നും നടന്നിട്ടില്ല. വിദ്യാഭ്യാസ-ടൂറിസം മേഖലകളിൽ പേരാമ്പ്ര പിന്നാക്കാവസ്ഥയിലാണ്. വികസന കാര്യത്തിൽ എൽ.ഡി.എഫ് കൺവീനറുടെ മണ്ഡലമായിട്ടും വലിയ അവഗണനയാണ് നേരിടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ വിദ്യാർഥിനി സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും, ആർത്തവ സമയത്ത് പെൺകുട്ടികൾക്കായി ‘റീക്യൂപ്പറേഷൻ പോഡുകൾ’ ഒരുക്കണമെന്നും അവർ നിർദേശിച്ചു. കൂടാതെ, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കൃത്യമായ ‘കോഡ് ഓഫ് കണ്ടക്ട്’ വേണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.