വിദ്യാര്‍ഥി യാത്രാ ഇളവ് ഗവേഷണ വിദ്യാർഥികള്‍ക്ക് പ്രായഭേദമന്യേ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രാ ടിക്കറ്റ് നിരക്ക് ഗവേഷണ വിദ്യാർഥികള്‍ക്ക് പ്രായഭേദമന്യേ അനുവദിക്കണമെന്ന് എസ്.ഡി.പി.ഐ. കഴിഞ്ഞ നാലിന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ ടിക്കറ്റ് നിരക്ക് അനുവദിക്കുന്നതിന് പ്രായ പരിധി 27 ആയി നിശ്ചയിച്ചിരിക്കുന്നത് അനീതിയാണ്.

ഈ തീരുമാനം ഗവേഷണ വിദ്യാർഥികളുടെ, പ്രത്യേകിച്ച് മുഴുവന്‍ സമയം ഗവേഷണം നടത്തുന്നവരുടെ പഠനത്തെ സാരമായി ബാധിക്കും. ബിരുദവും ബിരുദാനന്തര ബിരുദവും നേടി മറ്റു യോഗ്യതാ പരീക്ഷകളില്‍ വിജയിച്ച് ഉയര്‍ന്ന റാങ്ക് നേടിയ ശേഷം വളരെ കഷ്ടപ്പെട്ട് ഒരു ഗൈഡിനെ സംഘടിപ്പിച്ച് ഗവേഷണത്തിന് സീറ്റ് കരസ്ഥമാക്കുമ്പോഴേക്ക് വിദ്യാര്‍ഥികളുടെ പ്രായം ഇരുപത്തിയേഴിനോടടുക്കും.

ഈ സാഹചര്യത്തില്‍ അവരുടെ യാത്രാ ആനുകുല്യം നിഷേധിക്കുന്നത് അന്യായമാണ്. ഗവേഷക വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും കോളജിലെത്തേണ്ട സാഹചര്യം വന്നാല്‍ അത് അവരില്‍ വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും. നിലവില്‍ എല്ലാവര്‍ക്കും ഫെലോഷിപ് ലഭിക്കുന്ന സാഹചര്യമില്ല. പരിമിത കാലത്തേക്കു മാത്രം അനുവദിക്കുന്ന ഫെലോഷിപ് സമയബന്ധിതമായി ലഭിക്കാറുമില്ല.

ഹോസ്റ്റല്‍ സൗകര്യം ലഭിച്ചാല്‍ പോലും അതിന്റെ ചെലവ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി ടിക്കറ്റ് നിരക്ക് അനുനദിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചത് പിന്‍വലിക്കുകയോ ഗവേഷക വിദ്യാര്‍ഥികളെ അതില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - SDPI wants to grant student travel concession to research students irrespective of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.