എസ്.ഡി.പി.ഐ ബന്ധം: ചെങ്ങന്നൂരിൽ സി.പി.എമ്മിൽ രാജി തുടരുന്നു
ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റിയിൽ രാജി തുടരുന്നു. പാർട്ടിയിലെ ചിലർക്ക് എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമാകാത്ത സാഹചര്യത്തിലാണ് രാജി. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജി നൽകി.
ഈ മാസം ആദ്യം 38 പേർ പാർട്ടി ഏരിയ ജില്ല നേതൃത്വങ്ങൾക്ക് നേരത്തേ രാജി നൽകിയിരുന്നു. പുതുതായി 14 സി.പി.എം അംഗങ്ങളാണ് പാർട്ടി വിട്ടത്.15ന് ജില്ല സെക്രട്ടറിക്ക് പ്രവർത്തകർ നേരിട്ട് രാജിക്കത്ത് നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ നേതാവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ലോക്കൽ സെക്രട്ടറി പകൽ സി.പി.എമ്മും രാത്രി എസ്.ഡി.പി.ഐയുമാണെന്ന് രാജിവെച്ചവർ ആരോപിച്ചു. ലോക്കൽ സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പി.ഐ നേതാവാണെന്നാണ് ആക്ഷേപം. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി സെക്രട്ടറി നടത്തിയില്ല.
പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു. നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.