കൽപറ്റ നാരായണൻ
എല്ലാവരെയും ഉൾക്കൊള്ളും; സാഹിത്യ അക്കാദമിയുടെ ലക്ഷ്യം വ്യക്തമാക്കി കൽപറ്റ നാരായണൻ
തൃശൂർ: കൂടുതല്‍ ആളുകളെ സാഹിത്യത്തിലേക്ക് ക്ഷണിക്കുക എന്നതാണ് സാഹിത്യ അക്കാദമിയുടെ പ്രധാന ലക്ഷ്യമെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണന്. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു വിധത്തിലും വിവേചനങ്ങളില്ലാത്ത, ഏവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് ഉദ്ദേശിക്കുന്നത്. അക്കാദമി എന്തിനു നിലനില്ക്കുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കുകയും ഈ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അതിനു കൃത്യമായ ഉത്തരം നല്‍കുകയുമാണ് ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കാദമി സെക്രട്ടറിയായി എം.പി. സുരേന്ദ്രന് ചുമതലയേറ്റു. എല്ലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമായി സാഹിത്യ അക്കാദമിയുടെ വാതായനങ്ങള്‍ തുറന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജര്‍ പി.കെ. മിനി ഇരുവരെയും പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചുമതലയേറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.
ഭാവുകത്വത്തിന്റെ ഉത്സവമായി അക്കാദമി സാഹിത്യോത്സവത്തെ പുതുക്കിപ്പണിയുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. സാംസ്കാരിക വകുപ്പിനു കീഴിലുള്ള എല്ലാ അക്കാദമികളെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള സാംസ്കാരിക ഉത്സവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുല്യമായ നിരവധി പുസ്തകങ്ങള്‍ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവ അക്കാദമിയില്‍ നിന്ന് നേരിട്ടല്ലാതെ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തും.
പ്രമുഖ പ്രസാധകരുടെ പുസ്തകശാലകളിൽ എല്ലാം അക്കാദമി പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തില്‍ എഴുത്തിന്റെ മൂല്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നിലവില്‍ പൂര്‍ത്തിയാക്കിയ അവാര്‍ഡുകളുടെ പ്രഖ്യാപനം അതേപടി നടക്കും. അക്കാദമി അവാര്‍ഡുകളുടെ നിര്‍ണയം ഭാവിയില്‍ കുറ്റമറ്റതാക്കണമെങ്കില് നിയമാവലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അക്കാര്യത്തില്‍ കൂടിയാലോചന നടത്തുമെന്നും കൽപറ്റ നാരായണനും എം.പി. സുരേന്ദ്രനും അറിയിച്ചു.
സാഹിത്യകാരൻ സച്ചിദാനന്ദൻ പ്രസിഡന്റും പു.ക.സ നേതാവും എഴുത്തുകാരനുമായ അശോകൻ ചരുവിൽ വൈസ് പ്രസിഡന്റുമായ ഭരണസമിതിക്ക് പകരമാണ് പുതിയ ഭരണസമിതി ചുമതലയേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.