എപ്പോഴും ഫോണിലെന്ന് ഭർത്താവ്; നിവേദ്യയുടെ ക്രൂരതയിൽ ഞെട്ടി മേനോൻപാറ ഗ്രാമം
ചിറ്റൂർ: പെറ്റമ്മയുടെ ക്രൂരതക്കിരയായി രണ്ട് കുഞ്ഞുജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് കൊഴിഞ്ഞാമ്പാറയിലെ മേനോൻപാറ ഗ്രാമം. കുഞ്ഞുങ്ങളുടെ അമ്മ നിവേദ്യയുടെ തനിനിറം പുറത്തുവന്നതോടെ തങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഈ സ്ത്രീ ഇത്രയും ക്രൂരത മനസ്സിൽ ഒളിപ്പിച്ചിരുന്നോ എന്ന അമ്പരപ്പിലാണ് അയൽവാസികൾ.
മക്കളെയോ വീട്ടുകാര്യങ്ങളോ ശ്രദ്ധിക്കാതെ എപ്പോഴും മൊബൈൽ ഫോണായിരുന്നു നിവേദ്യയുടെ ലോകമെന്ന് ഭർത്താവ് ജോൺ കുമാർ പൊലീസിന് മൊഴി നൽകി. എപ്പോഴും ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും ആരോടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും വിതുമ്പലോടെ ജോൺ പറയുന്നു.
മോഡലിങ് പഠിക്കണമെന്നും സ്വതന്ത്രമായി ജീവിക്കണമെന്നുമുള്ള ചിന്തകൾ മനസ്സിൽ കൊണ്ടുനടന്ന നിവേദ്യ, ഇതിന് തടസ്സം നിൽക്കുന്നത് സ്വന്തം മക്കളാണെന്ന നിഗമനത്തിലാണ് എത്തിയത്. കുട്ടികൾ വെള്ളത്തൊട്ടിയിൽ മുങ്ങിമരിച്ചുവെന്ന് വരുത്തിതീർത്ത് പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണ് വെട്ടിക്കാമെന്നായിരുന്നു നിവേദ്യയുടെ കണക്കുകൂട്ടൽ. കുട്ടികളെ കാണാതായെന്ന് പറഞ്ഞ് കരഞ്ഞ് ഒച്ചവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഈ ക്രൂരത മറച്ചുവെക്കാനായിരുന്നു.
എന്നാൽ, വെള്ളത്തൊട്ടിയിൽ വീണാൽ കുട്ടികൾ ബഹളം വെക്കുമായിരുന്നുവെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയവും കുട്ടികളുടെ പിതാവ് നൽകിയ പരാതിയുമാണ് പൊലീസ് അന്വേഷണം നിവേദ്യയിലേക്ക് തന്നെ തിരിക്കാൻ കാരണമായത്. ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മോഡലിങ് ഭ്രമത്തിനായി സ്വന്തം ചോരയെ ഇല്ലാതാക്കിയ കഥ അവർക്ക് തുറന്നു പറയേണ്ടി വരികയായിരുന്നു.
പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും ഈ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവം നടന്ന സമയത്ത് ജോൺ കുമാർ ജോലിക്ക് പോയതിനാൽ നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.