എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കും; യൂത്ത് കോൺഗ്രസ് ആക്രമണം കാടത്തമെന്ന് പിണറായി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ കയറി പൊലീസ് വിദ്യാർഥികളെ തല്ലിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.
ഏകപക്ഷീയമായ ആക്രമണമാണ് തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് നേരെ യൂത്ത് കോൺഗ്രസുകാർ അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സംഘർഷമുണ്ടായ യൂനിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിക്ക് പറ്റി ആശുപത്രിയിലേക്ക് പോകുന്നവരെ യൂത്ത്കോൺഗ്രസുകാർ തടഞ്ഞു. ജനറൽ ആശുപത്രിയിലെത്തിയവരെ അവിടെ തടഞ്ഞു. മെഡിക്കൽ കോളജിലേക്ക് പോകുന്നവരെ വഴിക്കുവച്ച് ആക്രമിച്ചു. കാടത്തമാണ് യൂത്ത്കോൺഗ്രസ് നടത്തിയത്. ഒരു സംഘടനയും നടത്താൻ പാടില്ലാത്ത ആക്രമണമാണ് യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ശക്തമായ പ്രതിഷേധം നാട്ടിലാകെ ഉയരും. ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാനത്തിന് ഭീഷണിയായി മാറും.
ആ ഭീഷണി ഉയർത്തുന്നത് ഭരണ കക്ഷിയുടെ യുവജന വിഭാഗമാണ്. ഞങ്ങൾ എപ്പോഴും സമാധാനത്തിന് തൽപരരാണ്. ഒരുകാലത്തുമില്ലാത്തതാണ് ഹോസ്റ്റലിന് നേരെയുള്ള ആക്രമണം. അത് ഏകപക്ഷീയമായി പ്ലാൻ ചെയ്തതാണ്. അത് മുൻകാലങ്ങളിലെ പോലെ അവരുടെ അജണ്ടയുടെ ഭാഗമാണ്. കടുത്ത പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.
തലസ്ഥാനത്ത് ഇന്നലെയും കഴിഞ്ഞദിവസങ്ങളിലുമായി നടന്ന അതിക്രമങ്ങളും മന്ത്രിയെ ഉൾപ്പെടെ വാഹനം തടഞ്ഞു ഇറക്കിവിട്ടതുൾപ്പെടെ സംഭവങ്ങളിലെല്ലാം പൊലീസിന്‍റെ വീഴ്ചകൾ ഓരോന്നായി തെളിയുന്നതാണ്. വരും ദിവസങ്ങളിലും തലസ്ഥാന നഗരിയിൽ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള സാധ്യത വ്യക്തമാക്കുന്ന നിലക്കാണ് കാര്യങ്ങൾ.
രാത്രി പത്ത് വരെ വലിയ സംഘർഷാവസ്ഥയായിരുന്നു എം.ജി. റോഡിൽ. ഡി.വൈ..എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ യു.ഡി.എഫ് അനുകൂല ബോർഡുകൾ നശിപ്പിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമങ്ങളും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചതിനാൽ രാത്രി വൈകുമ്പോഴും ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.