എസ്‍.ഡി.പി.ഐ ആർ.എസ്.എസ് ഉൽപന്നമെന്ന് എം.എ. ബേബി; ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് രമേശ് ചെന്നിത്തല

കാസര്‍കോട്: എസ്‍.ഡി.പി.ഐ ആർ.എസ്.എസിന്‍റെ ഉൽപന്നമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബി.ജെ.പിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‍.ഡി.പി.ഐ-ആർ.എസ്.എസ് ബന്ധം കനഗോലു ക്യാപ്സൂളാണ്. എസ്‍.ഡി.പി.ഐയോട് ചർച്ച ചെയ്ത് പിന്തുണയും സഹകരണവും തേടുന്ന നയം എൽ.ഡി.എഫിന് ഇല്ലെന്നും ബേബി വ്യക്തമാക്കി. ‘നേരത്തെ പറഞ്ഞത് ബി.ജെ.പിയുമായി സി.പി.എമ്മിന് ഡീലുണ്ടെന്നാണ്. രാഹുൽ ഗന്ധിയെ കൊണ്ടും മല്ലികാർജുൻ ഖാർഗയെയും കൊണ്ട് ഇക്കാര്യം പറയിച്ചു. എസ്.ഡി.പി.ഐ എന്നു പറയുന്നത് ആർ.എസ്.എസിന്‍റെ ഉൽപന്നമാണ്. അതുകൊണ്ട് എസ്.ഡി.പി.ഐയോട് ഞങ്ങൾക്ക് പറയാനുള്ളത് അവർ നിലപാട് തിരുത്തണമെന്നാണ്. ഈ സംഘടനകളിൽനിന്ന് സഹായം സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനും എൽ.ഡി.എഫിനുമില്ല. അവരുടെ പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നുണ്ടോയെന്ന് നോക്കി അവരുടെ കൈ പിടിച്ച് തടസ്സപ്പെടുത്തുന്നത് സാധ്യമല്ല’ -എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു. എസ്‍.ഡി.പി.ഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർ.എസ്.എസിനാണ്.

എൽ.ഡി.എഫ് -എസ്‍.ഡി.പി.ഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ന്യൂനപക്ഷത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻ ആർ.എസ്.എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്‍.ഡി.പി.ഐയോട് പറയാനുള്ളത്. എസ്‍.ഡി.പി.ഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന ബേബി തള്ളി. അത്തരം നിലപാടുകളോട് സി.പി.എമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യ ബോധം ഇല്ല. സി.പി.എമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർഥികൾ ആകണമായിരുന്നു. പി.കെ. ശ്യാമള സ്ഥാനാർഥിയായപ്പോൾ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കിയെന്നും എം.എ. ബേബി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിൽ പരസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സി.പി.എം സ്ഥാനാർഥികൾ. എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സി.പി.എമ്മാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം പൂർത്തീകരിക്കും. വീടുകളുടെ നിർമാണം പൂർത്തിയാക്കാതെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വീടുകളുടെ നിർമാണം പൂർത്തിയാക്കി മാത്രമേ അർഹതപ്പെട്ടവർക്ക് കൈമാറൂ. രാഹുൽ ഗാന്ധിയാണ് അവിടെ വീടുകൾക്ക് കല്ലിട്ടത്. അത് പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - SDPI is a product of RSS -M.A. Baby; Chief Minister directly intervened to reach an agreement -Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.