മലപ്പുറം: മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുന്നതു സംബന്ധിച്ച് പുനരാലോചനക്ക് സന്നദ്ധമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. നിലവിൽ മത്സരവുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ആവശ്യമെങ്കിൽ പുനരാലോചിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളെ മുഴുവൻ ഒഴിവാക്കിത്തുടങ്ങിയാൽ എസ്.ഡി.പി.ഐക്ക് മത്സരിക്കാൻ ബംഗ്ലാദേശിൽ പോകേണ്ടിവരും. ഒരു പാർട്ടി വിജയിക്കുമോ ഇല്ലേയെന്നുമാത്രം നോക്കി സ്ഥാനാർഥിയെ നിർത്തുന്നത് എസ്.ഡി.പി.ഐക്ക് മാത്രമുള്ള മാനദണ്ഡമാക്കുന്നത് അപകടമാണ്.
എസ്.ഡി.പി.ഐ 45 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത ഇടങ്ങളിൽ ആരെ പിന്തുണക്കണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കാം. മഞ്ചേശ്വരത്തെ സ്ഥാനാർഥി അപരനല്ല. കെ.എം. അഷ്റഫ് എന്ന അഷ്റഫ് ബഡാജെ പാർട്ടി ജില്ല കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ചയാളും മണ്ഡലത്തിന്റെ പൾസ് അറിയുന്ന ആളുമായതിനാലാണ് സ്ഥാനാർഥിയാക്കിയത്. എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ മതേതര വോട്ടുകൾ ഭിന്നിക്കുമെന്നാണ് പാണക്കാട് തങ്ങൾ പറഞ്ഞത്.
എസ്.ഡി.പി.ഐയും എസ്.ഡി.പി.ഐ വോട്ടും മതേതരമായി പരിഗണിക്കാൻ കഴിയുന്നത് സ്വാഗതാർഹമാണ്. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.ഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. എസ്.ഡി.പി.ഐയെ ശത്രുവായി കാണുന്ന യു.ഡി.എഫിന്റെ സമീപനത്തിൽ മാറ്റം വരുത്തിയിട്ടുമതി ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.