തിരുവനന്തപുരം: എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണത്തിനെതിരെ പ്രതികരണവുമായി വി.ഡി. സതീശൻ. മന്ത്രിസഭ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ എനിക്കറിയാം. പാർട്ടി പ്രവർത്തകരെന്ന നിലയിൽ സമര പരിപാടിയിൽ പങ്കെടുത്ത് പരിക്കേറ്റവരായിരുന്നു ഇരുവരും. ചികിത്സയിൽ കഴിഞ്ഞിരുന്ന അവരെ സന്ദർശിക്കുകയായിരുന്നു. അതിനുശേഷം പലപ്പോഴായി എന്നെ കാണാൻ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതിനപ്പുറം യാതൊരു ബന്ധവുമില്ല. എന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർമാരാണെന്ന പ്രചാരണം തെറ്റാണ്. എനിക്ക് സോഷ്യൽ മീഡിയ കോർഡിനേറ്റർമാരില്ല -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, താൻ പറഞ്ഞിട്ടാണ് 'മെറ്റ' ചില മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്തതെന്ന് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള വാർത്തയും മെറ്റ ഒഴിവാക്കിയിട്ടുണ്ട്. ഇത് പുനഃസ്ഥാപിച്ചു കിട്ടാനായി ഞാൻ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ വിമർശിച്ച് എഴുതരുതെന്ന് പറയാൻ മൂഢനല്ല. വാർത്തകൾ ഒഴിവാക്കിയതിനെതിരെ അതത് മാധ്യമ സ്ഥാപനങ്ങൾ മെറ്റയുമായി ബന്ധപ്പെടണം. വേണമെങ്കിൽ ഞാനും മെറ്റക്ക് കത്തെഴുതാം’- മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ അധികസഹായം അനുവദിക്കും. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനന നിയമ ഭേദഗതി ഫെഡറൽ വ്യവസ്ഥക്ക് എതിരാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റുമാണ്. സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ഖനന റോയൽറ്റി ഇതിലൂടെ നഷ്ടമാകും. ഭൂമിയുടെ അധികാരം പൂർണമായും സ്റ്റേറ്റ്ലിസ്റ്റിൽ പെട്ടതാണ്. ഭേദഗതിയെ സംസ്ഥാനം അതിശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെസ്സിയെ കേരളത്തിൽ കൊണ്ടുവരും എന്ന പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതുസംബന്ധിച്ച ഉത്തരവാദിത്തത്തിൽനിന്ന് മുൻ സർക്കാറിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. ക്വട്ടേഷൻ വിളിക്കാതെയാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്.
റിപ്പോർട്ട് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തീരുമാനവും എടുത്തിട്ടില്ല. അതിനിടെ ഞാൻ ഒരു കമ്പനിയെ പൂട്ടിക്കാൻ നടക്കുന്നു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് സംബന്ധിച്ച് വാർത്ത നേരത്തെ തന്നെ അന്തരീക്ഷത്തിലുള്ള കാര്യമാണ്. എല്ലാവർക്കും അറിയാവുന്നതുമാണ്. അത് ഏതെങ്കിലും ഒരു പത്രത്തിൽ മാത്രം വന്നതല്ല. എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നിട്ടുണ്ട്. ഞാൻ മനോരമയും മാതൃഭൂമിയും ഒക്കെ സന്ദർശിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.