കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 1.95 കോടി നഷ്ടം ആവശ്യപ്പെട്ട് ഹർഷിനയും കുടുംബവും കോടതിയിൽ. സംസ്ഥാന സർക്കാർ, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മാതൃ-ശിശു ആരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഡോ.വിനയചന്ദ്രൻ, ഡോ. രമേശൻ, ഡോ. ഷഹാന, നഴ്സിങ് ഓഫിസർ രഹ്ന, സ്റ്റാഫ് നഴ്സ് മഞ്ജു തുടങ്ങിയവർക്കെതിരെയാണ് ഹർഷിനയും ഭർത്താവ് അഷ്റഫും മൂന്ന് മക്കളും ചേർന്ന് സിവിൽ കേസ് നൽകിയത്. കേസ് പരിഗണിക്കുന്നത് പ്രിൻസിപ്പൽ സബ് കോടതി മാർച്ച് 18ന് മാറ്റി. യുവതിക്കും കുടുംബത്തിനും നേരിട്ട എല്ലാ പ്രയാസങ്ങൾക്കുമായി മൊത്തം 1.95 കോടി നഷ്ടപരിഹാരം വേണമെന്നാണ് അഡ്വ.വി.ജെ. ജോസഫ് മുഖേന നൽകിയ ഹരജിലെ ആവശ്യം.
2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജിൽ അസി. പ്രഫസറായ ഡോ.സി.കെ. രമേശനെ പ്രതിയാക്കി മെഡിക്കൽ കോളജ് പൊലീസ് നേരത്തേ ക്രിമിനൽ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഹൈകോടതിയുടെ പരിഗണനയിലാണ്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് പരാതി.
അഞ്ചു കൊല്ലം കഴിഞ്ഞ് മെഡിക്കൽകോളജ് ആശുപത്രിയിൽ കത്രിക പുറത്തെടുത്തു. ഇതിനെപ്പറ്റി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഹർഷിന നിരന്തരം സമരം ചെയ്തതോടെയാണ് നാലുപേർക്കെതിരെ കേസെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹർഷിനയുടെ ചികിത്സ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.