ഭാര്യക്ക് ശമ്പളം കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഷിജോ, മന്ത്രി വി. ശിവൻകുട്ടി

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ: കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടും -മന്ത്രി ശിവൻകുട്ടി

മലപ്പുറം: ശമ്പള കുടിശിക ലഭിക്കാത്തതിന് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ഡി.ഇ.ഒ ഓഫിസ് ജീവനക്കാരെ സസ്​പെൻഡ് ചെയ്തത് സാധാരണ നടപടി മാത്രമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വാസുകി ഐ.എ.എസിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചക്കകം റിപ്പോർട്ട് ലഭിക്കും. ഇതിൽ കുറ്റം തെളിഞ്ഞാൽ പിരിച്ചുവിടുന്നത് ആലോചനയിലുണ്ടെന്നും മലപ്പുറം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

ഹൈകോടതി ഉത്തരവും മന്ത്രിയുടെ നിർദേശ പ്രകാരമുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉത്തരവും ഉണ്ടായിട്ടും ഉദ്യോഗസ്ഥർ അധ്യാപികയെ മാസങ്ങളോളം ഓഫിസ് കയറ്റിയിറക്കി പ്രയാസപ്പെടുത്തി. ഓരോ ഫയലും ഓരോ ജീവിതമാണെന്നത് ഉദ്യോഗസ്ഥർ ഓർക്കണം. കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ വ്യവസ്ഥയുണ്ട്. ഇത്തരക്കാരെ ഒഴിവാക്കിയാലേ സിവിൽ സർവിസ് കാര്യക്ഷമമാവുകയുള്ളൂ. ഫയലുകളിൽ കൃത്യമായ നടപടി സ്വീകരിക്കാതെ പിടിച്ചുവെച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ബോധം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേർത്തു.

ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിൽ ഭരണത്തിലിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ്. ഇവർക്കെല്ലാം ഭരണ കാര്യങ്ങളിൽ പരിചയക്കുറവും ധാരണയില്ലായ്മയും ഉണ്ട്. ഇത് ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുവെന്നതാണ് തന്റെ അനുഭവം. പറഞ്ഞാൽ വിവാദമാകുമെന്നറിയാമെങ്കിലും കുഴപ്പമില്ല. ഈ തസ്തികകളിൽ വരുന്നവർക്ക് ആറുമാസമെങ്കിലും ഭരണപരിശീലനം നൽകേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

സ്കൂൾ സമയമാറ്റം: ആരൊയൊക്കെ ബാധിക്കുമെന്ന് നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ല

ആരെയൊക്കെ ബാധിക്കുമെന്ന് നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ പറ്റില്ലെന്ന് സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു. കാര്യങ്ങൾ തീരുമാനിക്കാനാണ് ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചത്. എല്ലാം കാര്യങ്ങളും നാട്ടിലെ എല്ലാവരോടും ചർച്ച നടത്തേണ്ട ആവശ്യമില്ല. പൊതുജനാഭിപ്രായം വേണ്ട വിഷയങ്ങളുണ്ടെങ്കിൽ അത് തേടുന്നതിന് കുഴപ്പമില്ല. ഓരോ വിഷയങ്ങളും ബാധിക്കുന്ന എല്ലാവരുമായി ചർച്ച നടത്തുന്ന രീതി സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.

ഫിറ്റ്നസില്ലാത്ത സ്കൂൾ കെട്ടിടങ്ങളുടെ വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ളിച്ചുമാറ്റുന്നതിനാണ് താമസം. കലക്ടർമാർക്കുള്ള പ്രത്യേകാധികാരങ്ങൾ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തും. സ്കൂളുകളിൽ മൊബൈൽ ദുരുപയോഗം കൂടുന്നുവെന്നാണ് റിപ്പോർട്ടെന്നും ഇക്കാര്യത്തിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളിലെ മൊബൈൽ ആസക്തി കുറക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്കുമായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

അവധിക്കാലമാറ്റമെന്ന നിർദേശത്തിന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. വർത്തമാനകാല വിദ്യാഭ്യാസത്തിൽ പഴഞ്ചൻ രീതികളിൽ നിന്നിട്ട് കാര്യമില്ല. പുതുമകളും നല്ല മാറ്റങ്ങളും വേണം. ബാക്ക് ബെഞ്ചേഴ്സ് എന്ന സങ്കൽപം ഒഴിവാക്കിയുള്ള സീറ്റിങ് സംവിധാനം ആലോചനയിലാണ്. ‘യു’ മാതൃകയിൽ ഇരുത്തിയാൽ എല്ലാ കുട്ടികൾക്കും ​ഒരേ ശ്രദ്ധ ലഭിക്കും. പുതിയ കെട്ടിടങ്ങളിൽ ഇതിന് സൗകര്യമുണ്ട്. വിദ്യാർത്ഥി - അധ്യാപക അനുപാതത്തിൽ പ്രശ്നങ്ങളുണ്ട്. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ ഒരു ക്ലാസിൽ 60 കുട്ടികള്‍ വരെയുള്ളത് പ്രശ്നമാണ്. ഭാവിയിൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കായികാധ്യാപകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും

കായികാധ്യാപകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. 17 അധ്യാപകർക്ക് പ്രൊട്ടക്ഷൻ നൽകും. വിദ്യാർഥി അധ്യാപക അനുപാതം 300 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന രീതിയിലേക്ക് മാറ്റും. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - School teacher's husband's suicide: If found guilty, officials will be dismissed, says Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.