സ്കൂൾ സിലബസ് പരിഷ്കരിക്കും, സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വൺ പ്രവേശന മാനദണ്ഡം പുതുക്കും -മന്ത്രി എൻ.ഷംസുദ്ദീൻ

പാലക്കാട്: സംസ്ഥാനത്ത് സ്കൂൾ സിലബസിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ.

ഒന്നു മുതൽ 11 വരെയുള്ള ക്ലാസുകളിലെ സിലബസ് പരിഷ്കരണം കഴിഞ്ഞ തവണ പൂർത്തിയായതായിട്ടുണ്ട്. ഇത്തവണ 12-ാം ക്ലാസിലെ കൂടി പരിഷ്കരണം വരുന്നതോടെ ഒരുഘട്ടം പൂർത്തിയാകും. എന്നാൽ സിലബസ് ഒന്നുകൂടി കാലോചിതമാകണമെന്ന അഭിപ്രായമുണ്ട്. അതിനാൽ അക്കാദമിക സമൂഹവുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം സിലബസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കൃത്യമായ പദ്ധതികളുണ്ട്. മുൻ വർഷങ്ങളിൽ പ്രവേശന നടപടികളുടെ അവസാന ഘട്ടത്തിലായിരുന്നു അഡീഷണൽ ബാച്ചുകളും മാർജിനൽ ഇൻക്രീസും അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ ലഭ്യമായ എല്ലാ സീറ്റുകളും ആദ്യഘട്ടത്തിൽ തന്നെ നൽകിയിട്ടുണ്ട്.

കൂടാതെ, റവന്യൂ ജില്ല തിരിച്ചുള്ള സീറ്റ് വിതരണത്തിന് പകരം 'വിദ്യാഭ്യാസ ജില്ല' അടിസ്ഥാനമാക്കിയുള്ള പുതിയ മാനദണ്ഡം കൊണ്ടുവരും. ജില്ലകളെ ഒറ്റ യൂണിറ്റായി കണക്കാക്കുമ്പോൾ, അട്ടപ്പാടിയിലെയോ നിലമ്പൂരിലെയോ വിദ്യാർഥികൾക്ക് ദൂരെയുള്ള സ്കൂളുകളിൽ സീറ്റ് ലഭിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ, ഒരു വിദ്യാഭ്യാസ ജില്ലയിൽ എത്ര കുട്ടികൾ എസ്.എസ്.എൽ.സി പാസാകുന്നുണ്ടോ അത്രയും പ്ലസ് വൺ സീറ്റുകൾ ആ വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഉറപ്പാക്കുന്ന രീതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന വിദ്യാർഥ സംഘടനകളുടെ നിലപാടിനെയും മന്ത്രി സ്വാഗതം ചെയ്തു. ഭരിക്കുന്നവരുടെ മുഖം നോക്കിയല്ല വിദ്യാർഥി സംഘടനകൾ പ്രവർത്തിക്കേണ്ടതെന്നും, വിദ്യാർഥികളുടെ യഥാർത്ഥ വിഷയങ്ങളാണ് അവർ ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് പുസ്തക വിതരണം, യൂണിഫോം, സ്കൂളുകളുടെ ഫിറ്റ്നസ് തുടങ്ങി പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - School syllabus will be revised, plus one admission criteria will be revised to resolve seat shortage - Minister N. Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.