സ്കൂൾ കായികമേളയിലെ വിലക്ക് പിൻവലിക്കും; നാവാമുകുന്ദക്കും മാർ ബേസിലിനും ആശ്വാസം

സ്കൂൾ കായിക മേള സമാപന സ​മ്മേളനത്തിലെ പ്രതിഷേധത്തെ തുടർന്ന് സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കൊണ്ടുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ നടന്ന പ്രതിഷേധങ്ങൾ സംബന്ധിച്ച് ആന്റണി ജോൺ, എം.എൽ. എ ഉന്നയിച്ചിട്ടുള്ള സബ്മിിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ മറുപടി പൂർണരൂപത്തിൽ

മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്ത് വെച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട അംഗങ്ങളായ ശ്രീ. ആന്റണി ജോൺ, ശ്രീ. കുറുക്കോളി മൊയ്തീൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. എന്നിവരും കെ.എസ്.റ്റി.എ., പി.ജി.റ്റി.എ., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയിൽ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് എന്നോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ്.

എന്നാൽ അന്വേഷണ കമ്മീഷൻ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകർ അവർക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നൽകിയിട്ടില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാർബേസിൽ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.

Tags:    
News Summary - School sports fair closing assembly protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.