അതിഥി തൊഴിലാളികളുടെ മക്കൾ വിദ്യാർഥികളായുള്ള ബൈരായിക്കുളം ഗവ. എൽ.പിയിൽ മറ്റ് കുട്ടികൾക്ക് ‘അ’ അക്ഷരം എഴുതിക്കാണിക്കുന്ന വിദ്യാർഥിനി ശിവാംഗി
പ്രവേശനോത്സവം വരുമ്പോഴും ബൈരായിക്കുളം ഗവ. എൽ.പി സ്കൂൾ വാർത്തകളിൽ നിറയും. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല.100 വർഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാലയത്തിൽ അതിഥി തൊഴിലാളികളുടെ മക്കളാണ് കൂടുതലും. ആകെയുള്ള 34 കുട്ടികളിൽ മലയാളികൾ മൂന്നുപേർ മാത്രം. അതിൽ രണ്ട് കുട്ടികൾ മൂന്നാം ക്ലാസിലും ഒരു കുട്ടി നാലാം ക്ലാസിലും പഠിക്കുന്നു.
വ്യാവസായിക ഏരിയ ആയതിനാൽ വീടില്ലാത്തതാണ് സ്കൂളുകളിലേക്ക് മലയാളി വിദ്യാർഥികൾ പഠിക്കാനെത്താത്തതെന്ന് അധ്യാപകർ പറയുന്നു. അതേസമയം, അതിഥി തൊഴിലാളികൾ സമീപത്ത് ധാരാളമുണ്ടുതാനും. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വലിയ ഉത്സാഹമാണ് അവർക്ക്. 12 കുട്ടികളാണ് ഈ വർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്. എല്ലാവരും അതിഥി തൊഴിലാളികളുടെ മക്കളാണ്. കൂടുതലും ആൺകുട്ടികളാണ്. വരുംദിവസങ്ങളിൽ കൂടുതൽ കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രധാനാധ്യാപിക കെ.പി. ദീപ്തി.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. ‘ഇതിനേ ശക്തി ഹമേ ദേനാ ദാദാ...’ എന്നു തുടങ്ങുന്ന ഹിന്ദി പ്രാർഥനയോടെയാണ് ഇത്തവണ സ്കൂളിൽ പ്രവേശനോത്സവത്തിന് ബെൽ മുഴങ്ങിയത്. അധ്യാപകരെല്ലാം പുതിയ കുട്ടികളോട് ആശയവിനിമയം നടത്തുന്നത് ഹിന്ദിയിലാണ്. പിന്നീട് അവർ മലയാളം പഠിച്ചുതുടങ്ങും. കഴിഞ്ഞ തവണ അവിനാശ് എന്ന കുട്ടി എൽ.എസ്.എസ് പരീക്ഷ എഴുതി. ആ കുട്ടി നന്നായി മലയാളം സംസാരിക്കുമെന്ന് അധ്യാപകനായ ജിയോ ജെയ്സൺ സാക്ഷ്യപ്പെടുത്തി.
അടുത്ത തവണ കൂടുതൽ കുട്ടികളെ എൽ.എസ്.എസ് പരീക്ഷ എഴുതിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകർ. ഇ.പി. ആതിര, ജി.എസ്. രമ്യ എന്നിവരാണ് സ്കൂളിലെ മറ്റ് അധ്യാപകർ. ചോറും ദാൽ കറിയും സോയാബീനുമൊക്കെ അടങ്ങിയതാണ് ഇവിടത്തെ ഉച്ചഭക്ഷണം. പ്രവേശനോത്സവമായതിനാൽ പായസം നൽകിയാണ് അധ്യാപകർ കുട്ടികളെ സ്വീകരിച്ചത്. അതിഥി തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന മേൽവിലാസം മാറണമെന്നാണ് ആഗ്രഹമെന്ന് പ്രധാനാധ്യാപിക ദീപ്തി പറയുന്നു. സ്കൂളിന്റെ കെട്ടുംമട്ടും മാറി സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ കുട്ടികൾ വരുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.