ജാൻമണി ദാസിനെ അറസ്റ്റ് ചെയ്തത് പാർട്ടി നേതാക്കൾ റവാഡ ചന്ദ്രശേഖറെ സന്ദർശിച്ച ശേഷം -ബി.ജെ.പി

തിരുവനന്തരപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേ​പിച്ചെന്ന പേരിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻതാരവുമായ ജാൻമണി ദാസിനെ അറസ്റ്റ് ചെയ്തത് പാർട്ടിയു​ടെ ശക്തമായ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി. മോദിക്കെതിരായ സൈബർ അധിക്ഷേപ പരാതികളിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറെ പൊലീസ് ആസ്ഥാനത്തെത്തി സന്ദർശിച്ചിരുന്നു. ബി.ജെ.പിയുടെ ഈ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടികൾ ഊർജിതമായതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

‘നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം വേഗത്തിലാക്കണമെന്നും, അധിക്ഷേപം നടത്തുന്നവർക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും സംഘം ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജന്മണി ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

അന്വേഷണത്തിൽ നിസ്സംഗത പാലിക്കരുതെന്ന പാർട്ടിയുടെ കർശന നിലപാടാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചത്. സൈബർ ഗുണ്ടായിസത്തിലൂടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നവർക്കെതിരായ ബിജെപി വിട്ടുവീഴ്ച്ചയില്ലാതെ പോരാട്ടം തുടരും’ -പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പി നേതാവും മഹിള മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസ് ജാന്മണിയു​ടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പൊലീസ് എഫ്‌.ഐ.ആറിൽ പറയുന്നത്.

ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു.

‘ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെ കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തത്. അല്ലാതെ മോദിജിയെ കറിച്ചല്ല. ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകാം അങ്ങനെ തോന്നാൻ കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്‌തപ്പോൾ ഞാൻ പറഞ്ഞത് തെറ്റാണെന്ന് മനസിലായി. ഒരു കാര്യം പറയുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യേണ്ടതായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്’ -ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജാൻമണി പറഞ്ഞു.​ എന്നാൽ, ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.




Tags:    
News Summary - Janmani Das arrested after party leaders visited Revada Chandrasekhar - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.