മുഖ്യമന്ത്രി പിണറായി വിജയൻ

സ്കൂൾ പ്രവേശനോത്സവം; പ്രവർത്തന പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15നകം പൂർത്തികരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തി ഡ്രൈവർമാർക്ക് ബോധവൽകരണം നൽകണം. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലാവണം സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സ്കൂളിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതോടൊപ്പം സ്കൂൾ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുകയും പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ നടപടികൾ പൂർത്തീകരിക്കുകയും വേണം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയും പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം, ബെഞ്ച്, ഡസ്ക് എന്നീവ ഉപയോഗയോഗ്യമാക്കണം.

റെയിൽവേ ക്രോസിന് സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏർപെടുത്തുന്നതോടൊപ്പം സ്കൂൾ പരിസരത്ത് ട്രാഫിക്ക് പോലീസിൻ്റെ സേവനം ഉറപ്പാക്കുകയും വേണം. ഇതോടൊപ്പം തന്നെ മെൻ്റർ ടീച്ചറൻമാരെ സ്കൂൾ തുറക്കും മുൻപ് നിയമിക്കുകയും പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ എല്ലാ വിദ്യാർത്ഥികൾക്കും ലഭിച്ചെന്ന് ഉറപ്പാക്കേണ്ടത് ഓരോ സ്കൂളിലെയും മുതിർന്ന അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - School Entrance Festival; CM assesses progress of activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.