സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഡി.ഡി

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തിരൂർ ബോയ്സ് എച്ച്.എസ്‌.എസ് മൈതാനത്ത് കലാമത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിലിടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ. കലോത്സവം തത്സമയം സംപ്രേഷണം ചെയ്ത ജില്ലയിലെ പ്രാദേശിക ചാനൽ മാധ്യമ പ്രവർത്തകർ സംഭവം ഡി.ഡി.ഇ രമേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വിവിധ കമ്മിറ്റികളുമായി അദ്ദേഹം ചർച്ച നടത്തി.

കലോത്സവ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് സുതാര്യമായും മനോഹരമായും എത്തിക്കുന്നവരിൽനിന്ന് ഒരുതരത്തിലും പണം ഈടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതോടെയാണ് തീരുമാനം പിൻവലിച്ചത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.

കച്ചവട സ്ഥാപനങ്ങൾക്കായി സ്കൂൾ മൈതാനം വിട്ടുകൊടുത്ത് ആയിരങ്ങൾ വാങ്ങിയതായി ആരോപണമുയർന്നിരുന്നു. മൈതാനത്ത് ഉയർന്ന ഇരുപതോളം സ്റ്റാളുകൾക്കൊപ്പം മൂന്ന് പ്രാദേശിക ചാനലുകളിൽനിന്നു പണം ആവശ്യപ്പെട്ടതാണ് വിവാദമായത്. പന്തലിന് 3000 രൂപയും വൈദ്യുതിക്ക് ദിവസം 2000 രൂപയുമായിരുന്നു ആവശ്യപ്പെട്ടത്. 2000 മുതൽ 5000 രൂപ വരെ ഈടാക്കിയാണ് കച്ചവട സ്റ്റാളുകൾ അനുവദിച്ചത്.

മത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ പണം നൽകാറില്ലെന്ന് ചാനലുകൾ വിശദീകരിച്ചെങ്കിലും കലോത്സവം കഴിഞ്ഞാൽ സ്കൂളിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പണം സ്വരൂപിക്കാനാണെന്നായിരുന്നു മറുപടി.കൂടാതെ സ്റ്റാളുകൾക്ക് വൈദ്യുതി, പന്തൽ എന്നിവക്കായി സർക്കാർ ഫണ്ട് നൽകിയില്ലെന്നുമായിരുന്നു കമ്മിറ്റികളുടെ വിശദീകരണം.

തിരൂരിലടക്കം മുമ്പ് നടന്ന കലോത്സവത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നില്ല. ഡി.ഡിയുടെ ഇടപെടലിനെ തുടർന്ന് പണമിടപാട് പൂർണമായും ഒഴിവാക്കി. വിവിധ ചാനലുകളെ പ്രതിനിധീകരിച്ച് പ്രമേഷ് കൃഷ്ണ, ജൈസൽ, സലീം തണ്ണീർച്ചാൽ, അഫ്സൽ, റാഷിദ്, സൂര്യ ശങ്കർ എന്നിവരാണ് ഡി.ഡിയുമായി സംസാരിച്ചത്.

Tags:    
News Summary - School arts festival: DD intervened in the incident of demanding money from channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.