കോൺഗ്രസ് എന്നും അതിജീവിത​ക്കൊപ്പം, കോടതി വിധി തൃപ്തികരമല്ല -സണ്ണി ജോസഫ്

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. എന്നും അതിജീവിതക്കൊപ്പമാണ് കോൺഗ്രസ് നിലയുറപ്പിച്ചത്. ഇനിയും പിന്തുണ തുടരും. പി.ടി. തോമസ് തുടക്കത്തിൽ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ​​ ​തോമസ് അത് ആവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാകാലത്തും അതിജീവിതയുടെ വേദനയിൽ പങ്കുചേരും -അദ്ദേഹം പറഞ്ഞു.

കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗുഡാലോചന ഭാഗം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷൻറെയും ഗൗരവമേറിയ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘വിധിയെക്കുറിച്ച് പ്രതികരിച്ച മന്ത്രി സജിചെറിയാൻ ഉരുണ്ടുകളിക്കുകയായിരുന്നു. സർക്കാറിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. ഗൂഢാലോചനയില്ല, ഗൂഢാലോചനയിൽ പ്രതികളില്ല, അത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നുവന്നാൽ പ്രോസിക്യൂഷൻ സ്റ്റോറി തന്നെ ആകെ പരാജയപ്പെട്ടിരിക്കുന്നു. കേസ് തന്നെ പരാജയമാണ്. സർക്കാറിന് ഒരിക്കലും സ്ത്രീപക്ഷം പറയാൻ പറ്റില്ല. ഇതേതുടർന്ന് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടി​ന്റെ അവസ്ഥ എന്താണ്? മന്ത്രി പഠിച്ചിട്ടില്ല, ചിന്തിക്കും എ​ന്നൊക്കെ പറയുന്നത് ഒഴികഴിവാണ്’ -സണ്ണി ജോസഫ് പറഞ്ഞു.

അതിനിടെ, നടി​യെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് ആരോപിച്ചു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘നിങ്ങൾ ഒമ്പത് വർഷം പറഞ്ഞല്ലോ ചേട്ടാ, ഇനി ഞാൻ പറഞ്ഞോട്ടെ’ എന്നായിരുന്നു കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ ദിലീപിന്റെ മറുപടി. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.

‘എന്റെ കൂടെ നിന്ന എല്ലാ കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും, എനിക്കുവേണ്ടി പ്രാർഥിച്ച ഇതുവരെ കാണാത്ത കേൾക്കാത്ത കോടിക്കണക്കിന് ആൾക്കാരോടും ഇന്ന് ആത്മാർത്ഥമായ നന്ദി പറയുകയാണ്. ഈ ഒമ്പത് വർഷം എനിക്ക് വേണ്ടി അഹോരാത്രം ഡിഫൻഡ് ചെയ്ത പ്രിയപ്പെട്ട അഭിഭാഷകർക്കും നന്ദി പറയുകയാണ്. ഈ ഒൻപത് വർഷക്കാലത്തോളം എന്നെ ജീവിപ്പിച്ച, എന്നെ അത്രയും സപ്പോർട്ട് ചെയ്ത ഒരുപാട് ആളുകളുണ്ട്. അവരുടെ പേരെടുത്ത് പറഞ്ഞാൽ തീരില്ല. അവർ വിവിധ മേഖലയിലുള്ള ആളുകളാണ്. അവരോടെല്ലാം ഈ നിമിഷത്തിൽ ഞാൻ ആത്മാർത്ഥമായി നന്ദി പറയുകയാണ്. എല്ലാവരോടും ഒരുപാട് ഒരുപാട് സന്തോഷം’ -ദിലീപ് പറഞ്ഞു.

ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെന്നുമാണ് ദിലീപ് പറയുന്നത്. “ക്രിമിനൽ ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത്. ജയിലിൽ പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് ഒരു കള്ളക്കഥ മെനഞ്ഞു. അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു. ഇന്ന് കോടതിയിൽ ആ കള്ളക്കഥ തകർന്നു. എന്നെ പ്രതിയാക്കാനാണ് യഥാർഥത്തിൽ ഗൂഢാലോചന നടന്നത്. എന്‍റെ കരിയർ, ഇമേജ്, ജീവിതം തകർക്കാൻ വേണ്ടിയാണത് ചെയ്തത്. എന്‍റെ കൂടെനിന്ന കുടുംബങ്ങളോടും സുഹൃത്തുക്കളോടും എനിക്കുവേണ്ടി പ്രാർഥിച്ചവരോടും നന്ദി പറയുകയാണ്” -ദിലീപ് പറഞ്ഞു.

എറണാകുളം പ്രിൻസിപ്പൽ ​സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പ​ങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2017 ഫെ​ബ്രു​വ​രി 17 നാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ച​ർ​ച്ച​യാ​യ ആ​ക്ര​മ​ണം ന​ട​ന്ന​ത്. സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച​തും മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ ക്രി​മി​ന​ൽ ഇ​ട​പെ​ട​ലു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തു​മാ​യ സം​ഭ​വ​മാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. തൃ​ശൂ​രി​ൽനി​ന്ന് ഒ​രു സി​നി​മ​യു​ടെ ഡ​ബ്ബി​ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങുകയായിരുന്നു നടി. അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പ​ം കാർ തടഞ്ഞ് അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി സം​ഘം ന​ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ക​യും ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട ന​ടി, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ലാ​ലി​ന്‍റെ കാ​ക്ക​നാ​ട്ടെ വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. അ​ദ്ദേ​ഹ​ത്തി​ൽനി​ന്ന് വി​വ​ര​മ​റി​ഞ്ഞ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സ് എം.​എ​ൽ.​എ വി​ഷ​യം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് വ​ലി​യ ച​ർ​ച്ച​യാ​വു​ന്ന​ത്.

പ​ല നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്, ആ​ഴ്ച​ക​ൾ നീ​ണ്ട ജ​യി​ൽ​വാ​സം തു​ട​ങ്ങി​യ സം​ഭ​വ പ​ര​മ്പ​ര​ക​ൾ​ക്കും കേ​ര​ളം സാ​ക്ഷി​യാ​യി. ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ദി​ലീ​പി​ന്‍റെ ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​യ​തോ​ടെ അ​തു​വ​രെ താ​ര​ത്തെ സം​ര​ക്ഷി​ച്ച താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും അ​ദ്ദേ​ഹ​ത്തെ കൈ​വി​ട്ടു. സ​ഹ​താ​ര​ങ്ങ​ളാ​യ പ​ല​രും തു​ട​ക്ക​ത്തി​ൽ ന​ടി​ക്കൊ​പ്പം നി​ൽ​ക്കു​ക​യും പി​ന്നീ​ട് കൂ​റു​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ര​ങ്ങേ​റി. ഡ​ബ്ല്യു.​സി.​സി രൂ​പ​വ​ത്ക​ര​ണ​വും സി​നി​മ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നാ​യി ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​തു​മെ​ല്ലാം ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്.

Tags:    
News Summary - https://www.madhyamam.com/tags/actress-attack-case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.