കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിന്റെ വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും.
എൻ.എസ് സുനിൽ(പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2017 ഫെബ്രുവരി 17 നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും മലയാള സിനിമാ ലോകത്തെ ക്രിമിനൽ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതുമായ സംഭവമാണ് അന്ന് അരങ്ങേറിയത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നടി സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽ നിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേസ് വലിയ ചർച്ചയാവുന്നത്.
പല നാടകീയ സംഭവങ്ങൾക്കു ശേഷം ദിലീപിന്റെ അറസ്റ്റ്, ആഴ്ചകൾ നീണ്ട ജയിൽവാസം തുടങ്ങിയ സംഭവ പരമ്പരകൾക്കും കേരളം സാക്ഷിയായി. നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപിന്റെ ഇടപെടൽ വ്യക്തമായതോടെ അതുവരെ താരത്തെ സംരക്ഷിച്ച താരസംഘടനയായ അമ്മയും അദ്ദേഹത്തെ കൈവിട്ടു. സഹതാരങ്ങളായ പലരും തുടക്കത്തിൽ നടിക്കൊപ്പം നിൽക്കുകയും പിന്നീട് കൂറുമാറുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിന്നീട് മലയാള സിനിമയിലും വലിയ മാറ്റങ്ങളും സംഭവവികാസങ്ങളും അരങ്ങേറി. ഡബ്ലിയു.സി.സി രൂപവത്കരണവും സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയാണ്.
2019 ലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനി മുഖ്യപ്രതിയാണ്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് ദിലീപിനെതിരെയുള്ള കേസ്. തന്നെ കേസിൽ പെടുത്തിയതാണെന്നും തെളിവുകൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നുമുള്ള വാദമാണ് ദിലീപ് തുടക്കം മുതൽ ആവർത്തിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും കൂടാതെ മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ്, ചാര്‍ളി തോമസ്, സനല്‍കുമാര്‍, ശരത് ജി. നായർ എന്നിവരാണ് വിചാരണ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.