പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ഏറെ വിവാദമായ തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പിൽ അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു.നാലരക്കോടിയുടെ തട്ടിപ്പിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗത്തിനും മുൻ മന്ത്രി പുത്രനും പങ്കുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പിൽനിന്ന് നിർദേശം നൽകിയതെന്നറിയുന്നു.

ഇതിനുപുറമെ തട്ടിപ്പിന് വ്യാജരേഖകൾ ചമച്ച ചേർത്തല കടക്കരപ്പള്ളി സ്വദേശി വിഷ്ണുസോമന്‍റെ (30) മരണത്തിൽ തുടരന്വേഷണം വേണ്ടെന്നും നിർദേശമുണ്ട്. ഇതോടെ കോടികളുടെ തട്ടിപ്പ് നിലവിൽ പ്രതിചേർത്ത ഉദ്യോഗസ്ഥരുടെയും താൽക്കാലിക ജീവനക്കാരുടെയും മേൽ കെട്ടിവെച്ചുള്ള റിപ്പോർട്ടാകും കോടതിയിൽ വിജിലൻസ് സമർപ്പിക്കുക. ആദ്യം മ്യൂസിയം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അഞ്ചുമാസം മുമ്പാണ് വിജിലൻസിന് കൈമാറിയത്.

എന്നാൽ പാർട്ടി ഇടപെടലിനെ തുടർന്ന് കേസിലെ മുഖ്യപ്രതിയും കോർപറേഷനിലെ സീനിയർ ക്ലർക്കുമായ ആർ.യു. രാഹുലിനെപ്പോലും ചോദ്യംചെയ്യാൻ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിന് അനുവദിച്ച കോടികളിൽ 76 ലക്ഷം രൂപയുടെ ക്രമക്കേടാണ് പ്രാഥമികാന്വേഷണത്തിൽ മ്യൂസിയം പൊലീസ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അത് നാലരക്കോടിക്ക് മുകളിലായി.

ഡി.വൈ.എഫ്.ഐ നേതാവിനും മുൻ മന്ത്രി പുത്രനും ഉദ്യോഗസ്ഥർക്കും ഇതിനായി വ്യാജരേഖകൾ ചമച്ചത് വിഷ്ണു സോമനായിരുന്നു. എന്നാൽ അന്വേഷണം നടക്കവേ 2021 സെപ്റ്റംബർ ഏഴിന് ആന്ധ്രപ്രദേശിലെ കുപ്പം റെയിൽവേ സ്റ്റേഷനിൽ വിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.സോഫ്റ്റ്വെയർ രംഗത്ത് വിഷ്ണുവിനുള്ള വൈദഗ്ധ്യം ഡിവൈ.എഫ്.ഐ നേതാവ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നെന്ന് കേസിലെ നാലാംപ്രതിയും എസ്.സി പ്രമോട്ടറുമായിരുന്ന രാഹുൽ രവി പൊലീസിന് നൽകിയ മൊഴിയിലും സി.പി.എം ആക്ടിങ് സെക്രട്ടറിയായിരുന്ന എ. വിജയരാഘവന് നൽകിയ കത്തിലുമുണ്ടായിരുന്നു.

ഇതേമൊഴി തന്നെ ക്രൈംബ്രാഞ്ചിന് മുന്നിൽ മുഖ്യപ്രതിയായ ക്ലർക്ക് ആർ.യു. രാഹുലും ആവർത്തിച്ചിരുന്നു. എന്നാൽ ഈ മൊഴികളിൽ തുടരന്വേഷണം ഉണ്ടായില്ല.തട്ടിയ പണത്തിൽ ഒന്നരക്കോടിയോളം രൂപ കണ്ണൂരിലെ എട്ട് അക്കൗണ്ടുകളിലേക്കാണ് പോയത്.

ഇതിൽ ആറ് അക്കൗണ്ടുകൾ മന്ത്രിപുത്രന്‍റെ ബിനാമികളുടേതും രണ്ടെണ്ണം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ബിനാമികളുടേതുമാണ്. 1.04 കോടി ഉദ്യോഗസ്ഥരുടെയും താൽക്കാലിക ജീവനക്കാരുടെയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കായിരുന്നെന്നും ക്ലർക്ക് രാഹുൽ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെങ്കിലും അന്വേഷണം വിജിലൻസിന് കൈമാറിയുള്ള ഉത്തരവാണ് ആഭ്യന്തരവകുപ്പിൽ നിന്നുണ്ടായത്. 

വിഷ്ണുവിന്‍റെ മരണം ആത്മഹത്യയോ?

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പിതാവിന് പൂജപ്പുരയിലെ വികലാംഗ ക്ഷേമ കോർപറേഷനിൽനിന്ന് ഏഴ് ലക്ഷം രൂപ ലോണെടുക്കാൻ സമർപ്പിച്ച ബില്ലുകളും ഇൻഷുറൻസ് രേഖകളും വ്യാജമായി നിർമിച്ചുനൽകിയത് വിഷ്ണു സോമനാണെന്ന് പ്രമോട്ടർ രാഹുൽ രവി പൊലീസിനോട് പറഞ്ഞിരുന്നു. ഇത്തരത്തിൽ തിരുവനന്തപുരം ജില്ല പല പ്രമുഖ നേതാക്കൾക്കും വിഷ്ണു വ്യാജരേഖകൾ നിർമിച്ച് നൽകിയിട്ടുണ്ട്.

രാഹുലിന്‍റെ മൊഴിയിൽ പൊലീസ് അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസ്സിലാക്കിയ വിഷ്ണു കഴിഞ്ഞ ആഗസ്റ്റ് 30ന് കടക്കരപ്പള്ളിയിലെ വീട്ടിൽനിന്ന് കാറുമെടുത്ത് തിരുവനന്തപുരത്തേക്ക് പോയതായി ബന്ധുക്കൾ പറയുന്നു. തലസ്ഥാനത്ത് സുഹൃത്തിന്‍റെ വീട്ടിൽ കാർ ഒതുക്കിയശേഷം യൂത്ത് ഹോസ്റ്റലിലേക്കുപോയ വിഷ്ണുവിന്‍റെ മരണവാർത്തയാണ് പിന്നെ മാതാപിതാക്കളുടെ ചെവിയിലെത്തുന്നത്. 


Tags:    
News Summary - Scheduled Caste Welfare Fund Scam: Vigilance closes investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.