പട്ടികജാതി ഭവന പദ്ധതി: സ്ഥലം മുൻകൂർ നൽകിയവർ ദുരിതത്തിൽ

കൊച്ചി: പട്ടികജാതിക്കാർക്കുള്ള ഭവനപദ്ധതിക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂവുടമകൾ വെട്ടിലായി. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്കായി ഗുണഭോക്താക്കൾക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂവുടമകളാണ് പണം ലഭിക്കാതെ ദുരിതത്തിലായത്. സംസ്ഥാനത്ത് നിലവിൽ 56 ഭൂവുടമകളുടെ വിവരമാണ് ലഭ്യമായതെങ്കിലും അനൗദ്യോഗികമായി ഇതിന്‍റെ ഇരട്ടി വരുമെന്നാണ് വിവരം.

ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതിക്കാർക്ക് പഞ്ചായത്ത് പരിധിയിൽ അഞ്ചു സെന്‍റ് സ്ഥലം വാങ്ങുന്നതിന് 3,75,000 രൂപയും നഗരസഭ പരിധിയിൽ മൂന്ന് സെന്‍റിന് 4,50,000 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. അർഹരായ പട്ടികജാതി ഗുണഭോക്താക്കൾ സ്ഥലം മുൻകൂറായി തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത് രേഖകൾ ഹാജരാക്കിയാലേ പണം നൽകൂവെന്നാണ് ചട്ടം.

ഇതനുസരിച്ച് മുൻകൂറായി ഗുണഭോക്താക്കൾക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂവുടമകൾക്കാണ് മാസങ്ങളായി പണം ലഭിക്കാതെ വലയുന്നത്. പണം ചോദിച്ച് പട്ടികജാതി വികസന ഓഫിസുകൾ കയറിയിറങ്ങുന്ന ഇവർ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതും പതിവാണ്. മക്കളുടെ വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്ഥലം വിൽപന നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കാര്യം നടക്കാതെ വന്നതോടെ ഇവരിൽ ചിലർ പട്ടികജാതി വികസന ഓഫിസുകളിലെത്തി ആത്മഹത്യഭീഷണിയും മുഴക്കിയിട്ടുണ്ട്.

നിലവിൽ കോതമംഗലം ബ്ലോക്ക് -6, കുന്നുമ്മൽ -4, വണ്ടൂർ -1, ശ്രീകൃഷ്ണപുരം -1, ളാലം -4, വെട്ടിക്കവല -3, പന്തലായനി -1, ഉഴവൂർ -2, തിരൂർ നഗരസഭ -2, തിരൂർ ബ്ലോക്ക് - 3, പൊന്നാനി -1, കൊല്ലങ്കോട് -5, കോഴിക്കോട് -1, പെരുമ്പടപ്പ് -6, കട്ടപ്പന ബ്ലോക്ക് -1, അങ്കമാലി ബ്ലോക്ക് -9, കുഴൽമന്ദം -6 എന്നിങ്ങനെയാണ് പണം നൽകാനുള്ള ഭൂവുടമകളുടെ കണക്ക്.

ഡിസംബറിൽ ഉൾപ്പെടെ രജിസ്ട്രേഷൻ കഴിഞ്ഞ ഭൂമിയും ഇക്കൂട്ടത്തിലുണ്ട്. പണം ലഭിക്കാനുള്ളവരുടെ ആവലാതികൾ വ്യാപകമായതോടെ ബ്ലോക്കുതല ചുമതലയുള്ള ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരോട് പരാതികൾ പറയുന്നുണ്ടെങ്കിലും അവരും കൈമലർത്തുകയാണ്.എന്നാൽ, ഫണ്ട് ലഭ്യത ഉറപ്പായ ശേഷം മാത്രം ആധാരം രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ നടത്തിയാൽ മതിയെന്ന അനൗദ്യോഗിക നിർദേശം അവർ താഴേത്തട്ടിലേക്ക് നൽകിയിട്ടുമുണ്ട്. കൂടാതെ രജിസ്റ്റർ ചെയ്തു നൽകുന്ന ഭൂമിയുടെ ഫണ്ട്‌ സാവകാശം മതിയെന്ന് ഉടമകൾ ഉറപ്പ്‌ പറയുന്ന സ്ഥലങ്ങളിൽ മാത്രം വസ്തു രജിസ്ട്രേഷനുള്ള കത്ത് ഉദ്യോഗസ്ഥർ നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Scheduled Caste Housing Scheme: Those who have given land in advance are in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.