തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള ഫണ്ട് തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി സിന്ധു, ഇവരുടെ സഹായി കരകുളം സ്വദേശി അജിത എന്നിവരെയാണ് മ്യൂസിയം പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മൂന്നുപേർ കൂടി വലയിലുണ്ടെന്നും വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കി കോർപറേഷനിൽനിന്ന് പട്ടികജാതി വനിതകൾക്കുള്ള സബ്സിഡിയുള്ള സ്വയം തൊഴിൽ വായ്പകളാണ് ഇവർ തട്ടിയെടുത്തത്. ഗുണഭോക്താക്കൾ അറിയാതെയായിരുന്നു തട്ടിപ്പ്.
2015-16 സമയത്ത് കോർപറേഷനിൽ എസ്.സി പ്രമോട്ടറായിരുന്നു സിന്ധു. ആ സമയത്ത് ഇവരുടെ പക്കലുണ്ടായിരുന്ന ഗുണഭോക്താക്കളുടെ പേരുകൾ ഉപയോഗിച്ചാണ് ആദ്യം തട്ടിപ്പ് തുടങ്ങിയത്. ഗുണഭോക്താക്കൾ അറിയാതെ രേഖകൾ പ്രതികൾ വ്യാജമായുണ്ടാക്കി.
പിന്നീട് സിന്ധുവിന്റെ അശ്വതി അസോസിയേറ്റ്സിന്റെ പേരിൽ ബാങ്കിൽനിന്നുള്ള ചെക്കുകൾ ഒപ്പിട്ടുവാങ്ങി. തന്റെ സ്ഥാപനം സ്വയം തൊഴിലിന് വേണ്ട സാധനങ്ങൾ കൈമാറുന്നെന്ന് പറഞ്ഞാണ് ചെക്കുകൾ മാറിയെടുത്തത്.ഇവരെ സഹായിച്ചെന്ന കുറ്റത്തിനാണ് അജിത അറസ്റ്റിലായത്. രേഖകളുണ്ടാക്കാൻ സഹായിക്കുന്നത് അജിതയാണെന്ന് പൊലീസ് പറഞ്ഞു. കോടിക്കണക്കിന് രൂപ ഇവർ തട്ടിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സ്വയംതൊഴിൽ പദ്ധതിക്കുള്ള വായ്പ സബ്സിഡി പദ്ധതിയിലാണ് തട്ടിപ്പ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.