അരിത ബാബു
കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. കായംകുളം മണ്ഡലത്തിൽ ഇത്തവണ അരിതയുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ അമ്പലപ്പുഴയിൽ പാർട്ടി പരിഗണിച്ച സ്ഥാനാർഥിയായ എം.ലിജുവിനെ കായംകുളത്ത് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ അരിതയുടെ പേര് വെട്ടുകയായിരുന്നു. അമ്പലപ്പുഴയിൽ കഴിഞ്ഞതവണ എം. ലിജു ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ ഇത്തവണ സ്വതന്ത്രനായി മത്സരിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണക്കാനാണ് കോൺഗ്രസ് തീരുമാനം.
പ്രിയപ്പെട്ട കായംകുളത്തുകാരേ, സഹപ്രവർത്തകരേ,
അച്ഛന്റെ കൈപിടിച്ച് കോൺഗ്രസ് വേദികളിലെത്തിയ ആ കൊച്ചുകുട്ടിയിൽ നിന്ന്, ഇന്ന് നിങ്ങൾ കാണുന്ന അരിത ബാബുവായി വളരാൻ എനിക്ക് വഴികാട്ടിയായത് ഈ മഹാപ്രസ്ഥാനം തന്നെയാണ്. 2009 മുതൽ കെ.എസ്.യു പ്രവർത്തകയായി കായംകുളം പട്ടണത്തിൽ സജീവമായിരുന്ന എനിക്ക്, 2015-ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമാകാൻ ഈ പ്രസ്ഥാനം അവസരമൊരുക്കി. തുടർന്ന് 2021-ൽ കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ എന്നിലർപ്പിച്ച വിശ്വാസവും ഈ പ്രസ്ഥാനത്തിന്റേതാണ്.
2021-ലെ തിരഞ്ഞെടുപ്പ് മുതൽ കഴിഞ്ഞ അഞ്ച് വർഷക്കാലം കായംകുളത്തിന്റെ ഓരോ സ്പന്ദനത്തിലും നിങ്ങളോടൊപ്പം നിൽക്കാൻ കഴിഞ്ഞു. നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും എനിക്ക് പകർന്ന ഊർജ്ജം വളരെ വലുതാണ്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് എന്നെയും ഒരു സ്ഥാനാർത്ഥിയായി പരിഗണിച്ചതിലും, എനിക്കുവേണ്ടി സ്നേഹത്തോടെ ശബ്ദമുയർത്തിയതിലും നിങ്ങളോരോരുത്തരോടും അതിയായ നന്ദിയുണ്ട്.
എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം വ്യക്തികളേക്കാൾ വലുത് പ്രസ്ഥാനമാണ്. പ്രത്യേകിച്ച്, ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയെടുത്ത തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പാർട്ടിയുടെ തീരുമാനം എപ്പോഴും അന്തിമമാണ്; അത് അനുസരിക്കാൻ ഓരോ പ്രവർത്തകരും ബാധ്യസ്ഥരാണ്. നമ്മുടെ പ്രിയങ്കരനായ നേതാവ് ശ്രീ. എം. ലിജു ആണ് ഇത്തവണ കായംകുളത്ത് യു.ഡി.എഫ് M Liju സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും വലിയ കടമയാണ്.
ഇതിനിടയിൽ, 'സീറ്റ് ലഭിക്കാത്തതിനാൽ ഞാൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി മറ്റു പാർട്ടിയിലേക്ക് പോകുന്നു' എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളും തെറ്റായ വാർത്തകളും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരോട് ഒരൊറ്റ മറുപടി മാത്രമേയുള്ളൂ: "മരണം വരെ കോൺഗ്രസ്..." ഒരു സാധാരണ പ്രവർത്തകയായ എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഈ പ്രസ്ഥാനം നൽകിയിട്ടുണ്ട്.
ഒരു ചെറിയ നിരാശപോലും എന്നെ ബാധിച്ചിട്ടില്ല. സ്ഥാനമാനങ്ങൾ മോഹിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഒരിക്കൽ പോലും എന്റെ മനസ്സിൽ വന്നുപോയിട്ടില്ല. ഇനിയും അത് അങ്ങനെതന്നെ ആയിരിക്കും എന്ന് നിസ്സംശയം പറയാൻ കഴിയും. ഈ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ എന്നെയും പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. അതിലുപരി, നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച്, ഈ തവണ ഞാൻ മാറിനിൽക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് എനിക്ക് ഏറെ പ്രിയങ്കരനായ നമ്മുടെ നേതാവ് ശ്രീ. കെ.സി. വേണുഗോപാൽ എം.പി K.C. Venugopal ആണ്. ആ വലിയ മനുഷ്യന്റെ കരുതലിലും മാർഗനിർദ്ദേശങ്ങളിലുമാണ് ഞാൻ ഇന്നുവരെ വളർന്നത്. അതുകൊണ്ടുതന്നെ, ഈ മാറിനിൽക്കൽ പതിനായിരം തിരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിച്ചതിനു തുല്യമായൊരു അംഗീകാരമായി ഞാൻ കാണുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആദ്യമായി നീലക്കൊടി പിടിച്ച അന്നു മുതൽ ഈ നിമിഷം വരെ പാർട്ടിയോട് കാണിച്ച അതേ ആത്മാർത്ഥതയോടെ ശ്രീ. എം. ലിജുവിന്റെ വിജയത്തിനായി ഞാൻ മുൻപന്തിയിൽ തന്നെയുണ്ടാകും. കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പിൽ കായംകുളത്ത് യു.ഡി.എഫിന്റെ പാത സുഗമമാക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം...
സ്നേഹത്തോടെ,
അരിത ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.