പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യമാണ് ഹൈകോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം വിചാരണ കോടതിയിൽ കീഴടങ്ങണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.
പ്രതികൾക്ക് ജാമ്യം നൽകിയ മണ്ണാർക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതിയുടെ വിധി അന്വേഷണസംഘം ചോദ്യം ചെയ്തു. ജാമ്യത്തിലിറങ്ങുന്ന പ്രതികൾ കേസിലെ ദൃക്‌സാക്ഷികളെയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇത് വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചേക്കുമെന്ന ആശങ്കയും അന്വേഷണസംഘം പ്രകടിപ്പിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വളരെ പ്രയാസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. ജാമ്യം ലഭിച്ചാൽ ഇവർ വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും എസ്.ഐ.ടി സംഘത്തിന്റെ ഹരജിയിൽ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് സ്പെഷൽ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
കേസിൽ ഇരുപതോളം പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്.ഐ.ടി സംഘത്തിന്റെ കണ്ടെത്തൽ. മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ ആവശ്യമെങ്കിൽ ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കാനും തീരുമാനിച്ചിരുന്നതാണ്. ഇതിനിടെയിലാണ് മണ്ണാർക്കാട് എസ്‌സി–എസ്ടി കോടതി മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
90 ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികൾക്കെതിരെയും കുറ്റപത്രം നൽകും. ഈ കഴിഞ്ഞ ഡിസംബർ 17ന് വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. അന്നു രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എം.ഗോപകുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.