തൃശൂർ: ബാങ്ക് ശാഖകളിൽ ചെറുകിട ഇടപാടുകാരായ സാധാരണക്കാർ എത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് എസ്.ബി.ഐ. ലയനശേഷം എസ്.ബി.ഐയിൽ എത്തിയ എസ്.ബി.ടി ജീവനക്കാർക്ക് വേണ്ടി നടക്കുന്ന നിരന്തരപരിശീലന പരിപാടികളിൽ ഇക്കാര്യമാണ് പുതിയ ‘മുതലാളി’മാരായ എസ്.ബി.െഎ മേധാവികൾ ഉൗന്നി പറയുന്നത്. ‘എസ്.ബി.ടിക്കാർ’ ഇടപാടുകാരോട് സംസാരിച്ച് സമയം പാഴാക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ഇവർ ഒക്ടോബറിനു ശേഷം സാധാരണ ഇടപാടുകാർ ബാങ്കിൽ നേരിട്ട് എത്തുന്നത് പരമാവധി ഇല്ലാതാക്കണമെന്ന് നിർദേശിക്കുന്നു. ചെറുകിട സംരംഭകർ വ്യവസായം തുടങ്ങാൻ ബാങ്ക് വായ്പയെ ആശ്രയിക്കരുതെന്ന് എസ്.ബി.ഐ ചെയർപേഴ്സൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞതിെൻറ തുടർച്ചയാണിത്. വായ്പ തിരിച്ചടക്കാനാവാതെ കിട്ടാക്കടമാവുകയും നടപടി നേരിടേണ്ടി വരികയും ചെയ്യുമെന്നാണ് അവർ ഉദ്ദേശിച്ചത്. സ്വന്തം നിലക്ക് ധനം സമാഹരിക്കാനാവുന്ന ചെറുകിടക്കാർ വ്യവസായം തുടങ്ങിയാൽ മതിയെന്ന് അർഥം.
കൗണ്ടറുകൾ വഴിയുള്ള ഇടപാടുകൾ പരമാവധി കുറക്കണമെന്നും ഡിജിറ്റൽ, മൊബൈൽ ബാങ്കിങിന് േപ്രരിപ്പിക്കണമെന്നുമാണ് ജീവനക്കാർക്കുള്ള നിരന്തര നിർദേശം. ഇടപാടുകാരുടെ ചോദ്യങ്ങൾക്ക് സാങ്കേതിക സംവിധാനത്തിലൂടെ മറുപടി നൽകാൻ ‘എസ്.ബി.ഐ ഇൻറലിജൻറ് അസിസ്റ്റൻറ്’ എന്ന സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് രംഗത്ത് റോബോട്ടിക്സിെൻറ സാധ്യതയും എസ്.ബി.ഐ പരീക്ഷിക്കുന്നുണ്ട്.എസ്.ബി.ടിയെ ലയിപ്പിച്ച ശേഷം സേവന നിരക്കുകൾ ഏർപ്പെടുത്തിയും മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തിയും ചെറുകിട ഇടപാടുകാരെ പരമാവധി അകറ്റുന്ന നയമാണ് എസ്.ബി.ഐയുടേത്. മിനിമം ബാലൻസ് വ്യവസ്ഥ പാലിക്കാത്തതിന് മൂന്നു മാസത്തിനിടെ 235 കോടി രൂപ പിഴ ചുമത്തിയെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഓരോ എസ്.ബി.െഎ ശാഖയിലും 10 മുതൽ 15 വരെ അക്കൗണ്ടുകൾ ദിനേന നിർത്തലാക്കുന്നുണ്ടെന്ന് എസ്.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സമ്മതിക്കുന്നു.
ലയനശേഷം അധിക ശാഖകൾ നിർത്തലാക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ നാനൂറിലധികം ശാഖകൾ പൂട്ടും. ആദ്യ ഘട്ടത്തിൽ പ്രത്യേക സേവനങ്ങൾക്കുള്ള ശാഖകൾ (പഴ്സണലൈസ്ഡ് സർവിസ്) അവസാനിപ്പിക്കും. പിന്നീട് സ്വർണ പണയ വായ്പ കേന്ദ്രങ്ങളും അടുത്ത ഘട്ടത്തിൽ ചെറുകിട-, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകാർക്കുള്ള ശാഖകളും അവസാനിപ്പിക്കും. രാജ്യത്താകെ 30 ശതമാനം ശാഖകളാണ് പൂട്ടുക. ലയനത്തിെൻറ പശ്ചാത്തലത്തിൽ അസോസിയേറ്റ് ബാങ്കുകളിലെ 10,000 പേരെ പുനർവിന്യസിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.